കോട്ടയം: വിവാദ മാർക്ക് ദാനത്തിലൂടെ വിജയിച്ചവരുടെ ബിരുദം റദ്ദാക്കാനുള്ള നടപടിക ളുമായി എം.ജി സർവകലാശാല മുന്നോട്ടുപോകുന്നതിനിടെ ഇത് ചട്ടവിരുദ്ധമാണെന്ന് കാ ട്ടി ഉന്നത വിദ്യാഭ്യാസ കൗൺസിൽ രംഗത്ത്. 116 ബി.ടെക് വിദ്യാർഥികളുടെ ബിരുദം തിരിച്ചെടുക്കാൻ സർവകലാശാലക്ക് അധികാരമില്ലെന്നാണ് കൗൺസിൽ നിലപാട്. ഗവർണർക്ക് നൽകിയ റിപ്പോർട്ടിലാണ് കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാർഥികൾക്ക് അധികമാർക്ക് നൽകാനുള്ള തീരുമാനം വിവാദമായതോടെ സിൻഡിക്കേറ്റ് പിൻവലിച്ചിരുന്നു. തുടർച്ചയായി സർട്ടിഫിക്കറ്റുകൾ മടക്കി നൽകണമെന്ന് കാട്ടി വിജയിച്ചവർക്ക് കത്തയച്ചിരുന്നു. ഇതിനിടെയാണ് ഈ നടപടികൾ ചട്ടവിരുദ്ധമാണെന്ന് ഗവർണറെ കൗൺസിൽ അറിയിച്ചിരിക്കുന്നത്. ഇതോടെ സർവകലാശാല വെട്ടിലായി. സർവകലാശാല നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് പറയുന്ന റിപ്പോർട്ടിൽ ഗവർണർക്ക് വേണ്ടിയാണ് വൈസ് ചാൻസലർ ബിരുദം നൽകുന്നതെന്ന് വ്യക്തമാക്കുന്നു. അവ തിരിച്ചെടുക്കാൻ ഗവർണർക്കാണ് അധികാരം. ഗവർണർ അറിയാതെ ബിരുദം റദ്ദാക്കാൻ പാടില്ലെന്നും കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തിൽ ഗവർണർ ഹിയറിങ് നടത്തിയ ശേഷം തുടർനിർദേശം നൽകണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. സ്വയംഭരണ സ്ഥാപനമായ സർവകലാശാലകളിൽ അദാലത്ത് നടത്താൻ സർക്കാറിന് അധികാരമില്ലെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. അദാലത്തുകൾ നടത്താൻ സർവകലാശാലകൾ അനുവാദം ചോദിച്ചാൽ പോലും ഗവർണർ നൽകേണ്ടതില്ല. സർവകലാശാലകളിലെ മാർക്ക് ദാനം വിവാദമായ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളോട് അഭിപ്രായം തേടിയിരുന്നു.
അതിനിടെ, ബിരുദം തിരിച്ചെടുക്കാനുള്ള വിദ്യാർഥികളുടെ പട്ടിക തയാറാക്കിയതിൽ പിഴവ് വരുത്തിയ അഞ്ച് ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടി സർവകലാശാല പിൻവലിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.