എം.ജി.എസ് കേരള സാമൂഹ്യ ശാസ്ത്ര വൈജ്ഞാനിക രംഗത്തെ പുതിയ യുഗത്തിന്‍റെ ഉദ്‌ഘാടകൻ -രാഘവ വാര്യർ

കോഴിക്കോട്​: ലിഖിതരേഖകളും മറ്റു പുരാവസ്തുക്കളും അടങ്ങുന്ന മൗലികപ്രമാണങ്ങളെ ചരിത്ര രചനയ്ക്ക് ആധാരമായി സ്വീകരിച്ച എം.ജി.എസ് നാരായണൻ വൈജ്ഞാനിക രംഗത്ത് പുതിയ യുഗത്തിന്‍റെ പ്രഭാത രശ്മികൾ പരത്തിയ പണ്ഡിതനാണെന്ന് എം.ആർ.രാഘവ വാര്യർ പറഞ്ഞു.

ബുകാർഡ് കോഴിക്കോട് ലൈഫ് വെബിനാർ ആയി സംഘടിപ്പിച്ച 'എം.ജി.എസ് നവതി' യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൗലിക പ്രമാണങ്ങളിലുള്ള ശ്രദ്ധ പോലെത്തന്നെ പുതിയ കാഴ്ചകളും കണ്ടെത്തലുകളും വരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം കാണിച്ചു. കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രമായി കരുത്തപ്പെട്ട കാലത്ത് വ്യത്യസ്തവും ആസൂത്രിതവുമായ രീതിശാസ്ത്രം അദ്ദേഹം രൂപപ്പെടുത്തയെന്നും എം.ആർ.രാഘവ വാര്യർ പറഞ്ഞു.


കൃത്യമായ ചരിത്ര പദ്ധതിയനുസരിച്ച് കേരള ചരിത്രമെഴുതാനുള്ള ആർജവം കാണിച്ച എം.ജി.എസ് ചരിത്ര വിജ്ഞാനീയത്തിൽ വഴിത്തിരിവുണ്ടാക്കിയെന്ന് പ്രഫ. കേശവൻ വെളുത്താട്ട് അഭിപ്രായപ്പെട്ടു. പ്രമാണങ്ങൾ അനുവദിക്കാത്ത ഒരു പ്രസ്താവന പോലും അദ്ദേഹത്തിന്‍റെ രചനകളിൽ ഉണ്ടാവില്ല.

സ്വന്തം വഴി തെളിച്ച് നടക്കേണ്ടതാവശ്യമാണെന്ന് ചരിത്ര ഗവേഷണത്തിൽ ബോധ്യപ്പെടുത്തിയത് എം.ജി.എസ്സാണെന്ന് ഡോ.രാജൻ ഗുരുക്കൾ പറഞ്ഞു. വഴിയില്ലാത്തിടത്ത് മുന്നോട്ടു പോവാൻ ധൈര്യം കാണിച്ചയാളാണ് അദ്ദേഹം. ഇതുവരെയുള്ള പഠന ഫലങ്ങൾ അവർത്തിക്കുകയല്ല, അവയെ എതിരിടുകയാണ് ഗവേഷകർ ചെയ്യേണ്ടത്. പ്രത്യക്ഷത്തെ വിവരിക്കുന്നതിന് പകരം പുനർ വ്യാഖ്യാനിക്കുകയും സൈദ്ധാന്തിക സങ്കല്പനങ്ങളുടെ സഹായത്തോടെ പരോക്ഷമായവയെ വെളിപ്പെടുത്തുകയുമാണ് ചരിത്ര ഗവേഷണം ചെയ്യേണ്ടത്. ഇക്കാര്യം ചെയ്തു പഠിക്കാൻ തനിക്ക് സാധിച്ചത് എം.ജി.എസ്സിനെ കണ്ടു മുട്ടിയത് കൊണ്ട് മാത്രമാണെന്നും രാജൻ ഗുരുക്കൾ പറഞ്ഞു. മനുഷ്യചര്യകളുടെ സാമഗ്ര്യമാണ് ചരിത്രം എന്നു കരുതിയ എം.ജി.എസ്സിന് ഗണിതവും ഭാഷാശാസ്ത്രവും സാഹിത്യവുമടക്കം ഒന്നും അന്യമായിരുന്നില്ലെന്ന് പ്രഫ. ടി. ബി വേണുഗോപാലപ്പണിക്കർ പറഞ്ഞു.


ചരിത്രത്തിൽ അവസാന വാക്കില്ലെന്നും പുതിയ തലമുറകൾ സത്യസന്ധമായി പഠിക്കുകയാണ് വേണ്ടതെന്നും എം.ജി.എസ് നാരായണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. നല്ലതായാലും ചീത്തയായാലും അതേ പടി രേഖപ്പെടുത്തണമെന്നും വളച്ചൊടിച്ചാൽ അത് ചരിത്രമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ പക്ഷപാതങ്ങൾ ഒഴിവാക്കി വസ്തുതകൾ വേർതിരിച്ചെടുത്ത് എഴുതുന്ന ചരിത്രമേ സ്വീകാര്യമാകുകയുള്ളൂ. 

പ്രഫ.കെ.പി. അമ്മുക്കുട്ടി, ഡോ.ദിനേശൻ വടക്കിനിയിൽ, ഡോ.സി.ജെ.ജോർജ്ജ് , ഡോ. മഹേഷ് മംഗലാട്ട് തുടങ്ങിയവർ സംസാരിച്ചു. ത്രിദിന വെബിനാർ പരമ്പരയുടെ രണ്ടാം ദിവസമായ ഞായറാഴ്ച 'Historian's Craft and Kerala's Pasts' എന്ന വിഷയത്തിൽ പ്രഫ.ദിലീപ് മേനോൻ, പ്രഫ.സനൽ മോഹൻ, ഡോ. മനു വി ദേവദേവൻ, പ്രഫ.എം.ടി.അൻസാരി എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ച നടക്കും.

Tags:    
News Summary - MGS is the founder of the new era in the field of social knowledge in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.