ഷാനവാസ് കോൺഗ്രസിന്‍റെ ജിഹ്വയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ ജിഹ്വയായിരുന്നു അന്തരിച്ച എം.ഐ ഷാനവാസ് എന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ നയവും പരിപാടികളും ജനഹൃദയങ്ങളിൽ എത്തിക്കാൻ വേണ്ടി ആത്മാർഥമായി പ്രവർത്തിച്ച ശക്തനായ നേതാവാണ്. ഷാനവാസിന്‍റെ സഹായ സഹകരണങ്ങൾ വളരെയേറെ ആഗ്രഹിച്ച സന്ദർഭത്തിലാണ് അദ്ദേഹത്തിന്‍റെ വിയോഗം. ആത്മസുഹൃത്തിന്‍റെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്നു. ആദരസൂചകമായി കെ.പി.സി.സിയുടെ മൂന്നു ദിവസത്തെ പരിപാടികൾ മാറ്റിവെച്ചതായും മുല്ലപ്പള്ളി പറഞ്ഞു.

കോൺഗസ് പാർട്ടിക്ക് തീരാനഷ്ടം -ഉമ്മൻചാണ്ടി
കോൺഗസ് പാർട്ടിക്ക് തീരാനഷ്ടമാണ് ഷാനവാസിന്‍റെ വിയോഗമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു. വിദ്യാർഥി രാഷ്ട്രീയം മുതൽ ഷാനവാസിനെ നേരിട്ടറിയാം. ജനപ്രതിനിധി എന്ന നിലയിൽ ആത്മാർഥതയോടെയാണ് വിഷയങ്ങളിൽ ഏർപ്പെട്ടിരുന്നതെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു.

24 മണിക്കൂറും പാർട്ടിയുടെ വിജയത്തിനായി ചിന്തിക്കുന്ന നേതാവ് -ചെന്നിത്തല
24 മണിക്കൂറും പാർട്ടിയുടെ വിജയത്തിന് വേണ്ടി ചിന്തിക്കുന്ന നേതാവാണ് ഷാനവാസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. പ്രത്യേക സന്ദർഭത്തിൽ കേരള രാഷ്ട്രീയത്തിൽ നിർണായക നിലപാട് സ്വീകരിച്ചതു വഴി തിരുത്തൽവാദികളെന്ന് അറിയപ്പട്ടവരാണ് താനും ജി. കാർത്തികേയനും ഷാനവാസും. ഇതിൽ രണ്ടു പേർ വിട്ടുപിരിഞ്ഞു. ഷാനവാസിന്‍റെ വിയോഗത്തിൽ ദുഃഖിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

വയനാട്ടിലെ കൃഷിക്കാർക്ക് വേണ്ടി വാദിച്ച നേതാവ്-പി.കെ. കുഞ്ഞാലിക്കുട്ടി
വയനാട്ടിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾ പാർലമെന്‍റിനുള്ളിലും പുറത്തും കൊണ്ടുവരാൻ പരിശ്രമിച്ച ജനപ്രതിനിധിയാണ് ഷാനവാസെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ജീവിതത്തിൽ നന്മയുടെ ഭാഗത്ത് നിന്ന് ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിച്ച നേതാവാണ് അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വേർപാട് ഷാനവാസിൻെറ സാന്നിധ്യം ഏറ്റവും ആവശ്യമായ സന്ദർഭത്തിൽ- സുധീരൻ
സംവൽസരങ്ങളുടെ ഹൃദയബന്ധമാണ് ഷാനവാസുമായി ഉണ്ടായിരുന്നത്. ഫാറൂഖ് കോളേജിൽ അദ്ദേഹം പഠിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. പിന്നീട് വലിയൊരു സൗഹൃദബന്ധമായി അത് വളർന്നു. കെ.എസ്.യുവിൻെറ മുന്നണിപ്രവർത്തകനായി ഷാനവാസ് മാറി. കോഴിക്കോട് ജില്ലാ കെ.എസ്.യു കമ്മിറ്റിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൂടുതൽ വിപുലമായ തലങ്ങളിലേക്ക് അത് വളർന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ പദവിയിൽ നന്നായി ശോഭിച്ചു. തുടർന്നങ്ങോട്ട് കെ.എസ്.യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് രാഷ്ട്രീയത്തിൽ അവിഭാജ്യ ഘടകമായി മാറി. ഏറ്റവും ഒടുവിലായി കെ.പി.സി.സി. വർക്കിങ് പ്രസിഡൻറ് പദവി വരെയെത്തി.

മികച്ച സംഘാടകനായ ഷാനവാസ് ഏറെക്കാലം കെ.പി.സി.സിയുടെ പലതലങ്ങളിലും ഭാരവാഹിയായിരുന്നിട്ടുണ്ട്. പാർട്ടിയുടെ നയസമീപനങ്ങൾ മാധ്യമങ്ങളിലൂടെ ജനമധ്യത്തിൽ അവതരിപ്പിക്കുന്നതിൽ അനിതരസാധാരണമായ മിടുക്കാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പാർലമെൻ്റ് അംഗമെന്ന നിലയിൽ നിയോജകമണ്ഡലത്തിൻ്റെ വികസകാര്യങ്ങൾക്കൊപ്പം തന്നെ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെൻ്റിൽ അവതരിപ്പിക്കുന്നതിന് ശുഷ്കാന്തി കാണിച്ചു. ഇടക്കാലത്ത് ആരോഗ്യനില മോശമായിട്ടും തന്നിലർപ്പിതമായ ചുമതലകൾ നിറവേറ്റുന്നതിൽ നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. ഷാനവാസിൻ്റെ നേതൃസാന്നിധ്യം ഏറ്റവും ആവശ്യമായ സന്ദർഭത്തിലാണ് ആകസ്മികമായ ഈ വേർപാടെന്നും സുധീരൻ വ്യക്തമാക്കി.

Tags:    
News Summary - MI Shanavas Condolence -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.