ചെങ്ങന്നൂര്‍: മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മകന് തുഷാർ എന്നിവരടക്കം എട്ടുപേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി സെക്രട്ടറിയും ഇടമുറി ശാഖായോഗം മുന്‍ സെക്രട്ടറിയുമായിരുന്ന മാമ്പ്ര ഹരിശ്രീയില്‍ സുദര്ശനൻ ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (ഒന്ന്) ഫയല്‍ചെയ്ത ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, മകനും യോഗം വൈസ് പ്രസിഡൻറുമായ തുഷാർ വെള്ളാപ്പള്ളി, ഡയറക്ടർ ബോര്‍ഡ് അംഗം രതീഷ്കുമാർ, ചെങ്ങന്നൂര്‍ യൂനിയന്‍ ചെയര്മാന് അനില്‍ പി. ശ്രീരംഗം, മൈക്രോഫിനാന്‍സ് കോ-ഓഡിനേറ്റര്‍ കെ.കെ. മഹേശന്, ചെങ്ങന്നൂര്‍ യൂനിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍, മുന്‍ യൂനിയന്‍ സെക്രട്ടറി അനു സി. സേനന്, മുന്‍ യൂനിയന്‍ പ്രസിഡൻറ് കെ.സന്തോഷ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ അഞ്ചിന് സുദര്ശനന് ഇതുമായി ബന്ധപ്പെട്ട പരാതി ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നൽകിയിരുന്നു. എന്നാല്‍, പൊലീസ് നടപടി എടുക്കാതിരുന്നതിനെത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ചെങ്ങന്നൂര്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
എസ്.എൻ.ഡി.പി യോഗത്തിെൻറ മേല്‍നോട്ടത്തില്‍ നടന്നു വരുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് മൈക്രോഫിനാന്‍സ് പദ്ധതി വഴി വായ്്പകള്‍ തരപ്പെടുത്തി കൊടുക്കാൻ ഇന്ത്യൻ ബാങ്ക്, യൂനിയന്ബാങ്ക്, ഐ.ഒ.ബി, ധനലക്ഷ്മി ബാങ്ക് തുടങ്ങി വിവിധ ബാങ്കുകളുമായി ധാരണ ഉണ്ടാക്കുകയും അതനുസരിച്ച് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, മകന് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ എസ്.എൻ.ഡി.പി ചെങ്ങന്നൂര്‍ യൂനിയന്‍ ഭാരവാഹികളുമായി ആലോചിച്ച് തങ്ങൾക്ക് താൽപര്യമുള്ള യോഗം പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി അവര്‍ക്ക് ആവശ്യമായ തുക കൈമാറിയെന്നാണ് ആരോപണം. ഇപ്രകാരം ശാഖ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച വ്യാജസംഘങ്ങളിലൂടെ കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എസ്.എൻ.ഡി.പിയെ സമൂഹമധ്യത്തിൽ അപകീർത്തി പെടുത്തുകയെന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പിന്നിലെന്ന് നിലവിലെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയര്മാന് അനില്‍ പി. ശ്രീരംഗവും കണ്‍വീനര്‍ സുനില്‍ വള്ളിയിലും പ്രതികരിച്ചു. ചെങ്ങന്നൂര്‍ കോടതി വെള്ളാപ്പള്ളി നടേശനും മറ്റ് പ്രതികള്‍ക്കുമെതിരായ പരാതിയിൽ എഫ്.ഐ.ആര് രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്ന് ഇവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.