കുഴൽമന്ദം: കൊള്ളപ്പലിശ ചുമത്തി മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ പാലക്കാടൻ ഗ്രാമങ്ങളിൽനിന്ന് നേടുന്നത് കോടികൾ. ന്യൂ ജനറേഷൻ ധനകാര്യസ്ഥാപനങ്ങളാണ് പലിശയിനത്തിൽ മാത്രം കോടിക്കണക്കിന് രൂപ ‘കൊയ്തെടുക്കുന്നത്’.
കടക്കെണിയിൽപ്പെട്ട് ആറുപേർ ആത്മഹത്യ ചെയ്ത തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ നെല്ലിക്കൽകാട്, നമ്പൂതിരിക്കാട്, പുളിമ്പ്രാണി പ്രദേശങ്ങളിലായി 250ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ 150 കുടുംബങ്ങളും കൂടിയപലിശക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തവരാണ്. ഓരോ കുടുംബത്തിനും ശരാശരി രണ്ട് ലക്ഷം രൂപ വരെ വായ്പയുണ്ട്.
ഈ പ്രദേശത്ത് മാത്രം മൂന്നുകോടി രൂപയാണ് ഈടില്ലാതെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വായ്പ നൽകിയിരിക്കുന്നത്. ഇവിടെനിന്ന് പലിശയിനത്തിൽ മാത്രം ഒരു കോടി രൂപയാണ് കമ്പനികൾ ഊറ്റുന്നത്. 25 മുതൽ 35 ശതമാനം വരെയാണ് പലിശ. ഭീമമായ പലിശനിരക്കിനെക്കുറിച്ച് അറിയാതെയാണ് സാധാരണക്കാർ ഇവരുടെ കെണിയിൽ വീഴുന്നത്.
പിന്നാക്കവിഭാഗങ്ങൾ താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ചാണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം. വ്യക്തികൾക്ക് വായ്പ നൽകാതെ സ്ത്രീകളുടെ സംഘങ്ങൾക്കാണ് വായ്പ നൽകുക. പുരുഷന്മാർക്ക് വായ്പ നൽകില്ല. ആലത്തൂരിൽ മാത്രം ഒമ്പത് ധനകാര്യ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. കുടുംബശ്രീ, അയൽക്കൂട്ടം വിജയത്തിെൻറ മറപറ്റിയാണ് ഏജൻറുമാർ സ്ത്രീകൂട്ടായ്മയിലേക്ക് നുഴഞ്ഞുകയറുന്നത്.
ഈട് വേണ്ട എന്നതാണ് സ്ത്രീകളെ ആകർഷിക്കുന്ന പ്രധാന ഘടകം. എന്നാൽ, പലിശയും മുതലും കുന്നുകൂടുമ്പോഴാണ് കെണിയാണെന്ന് ബോധ്യമാകുന്നത്.
സംഘത്തിലെ ഒരംഗത്തിന് തിരിച്ചടവ് തെറ്റിയാൽ മറ്റുള്ളവരെക്കൂടി ബാധിക്കുന്ന തരത്തിലാണ് വ്യവസ്ഥകൾ. അതിർത്തി കടന്നെത്തുന്ന തമിഴ്നാട് വട്ടിപ്പലിശക്കാരും നാട്ടിലെ ബ്ലേഡ് സംഘങ്ങളും ഓപറേഷൻ കുബേരയുടെ ഭാഗമായി ഒതുങ്ങിയ സാഹചര്യം മുതലെടുത്താണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ ഗ്രാമീണമേഖലയിൽ പിടിമുറുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.