മൈക്രോ ഫിനാന്‍സ്: വായ്പ അനുവദിച്ചത് വ്യവസ്ഥകള്‍ ലംഘിച്ച് –വിജിലന്‍സ്

കൊച്ചി: പിന്നാക്കവിഭാഗ വികസന കോര്‍പറേഷനില്‍നിന്ന് എസ്.എന്‍.ഡി.പി യോഗത്തിന് വ്യവസ്ഥകള്‍ ലംഘിച്ചാണ് മൈക്രോ ഫിനാന്‍സ് പദ്ധതിയുടെപേരില്‍ വായ്പത്തുക നല്‍കിയതെന്ന് വിജിലന്‍സ് ഹൈകോടതിയില്‍. 2003 മുതല്‍ 14 വരെ കാലയളവില്‍ 15.85 കോടി രൂപ കോര്‍പറേഷനില്‍നിന്ന് എസ്.എന്‍.ഡി.പി യോഗത്തിന് കീഴിലെ സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കാനെന്നപേരില്‍ നല്‍കിയത് ചട്ടം ലംഘിച്ചാണെന്നാണ് വിശദീകരണം. 

മൈക്രോ ക്രെഡിറ്റ് മേഖലയില്‍ മൂന്നുവര്‍ഷത്തെ പരിചയവും ശക്തമായ സ്വയംസഹായ സംഘമുള്ളതുമായ സര്‍ക്കാറിതര സ്ഥാപനത്തിന് വായ്പ അനുവദിക്കണമെന്നാണ് ചട്ടമെങ്കിലും ഈ യോഗ്യതകളില്ലാത്ത എസ്.എന്‍.ഡി.പി യോഗത്തിന് വായ്പ അനുവദിക്കുകയായിരുന്നെന്ന് വിശദീകരണപത്രികയില്‍ പറയുന്നു. വായ്പ അനുവദിച്ചതില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി തനിക്കെതിരെ രെജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാലാംപ്രതിയും കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടറുമായ എം. നജീബ് നല്‍കിയ ഹരജിയിലാണ് വിശദീകരണം.

ത്വരിതാന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.  ഫണ്ട് ദുരുപയോഗം നടത്തിയതുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതികളായ കേസിന്‍െറ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്.  കൂടുതല്‍ തെളിവ് ശേഖരിക്കാനുണ്ട്. മാനേജിങ് ഡയറക്ടറായിരുന്ന നജീബ് മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച്  50 ലക്ഷം രൂപയാണ് എസ്.എന്‍.ഡി.പിക്ക് അനുവദിച്ചത്.  കോര്‍പറേഷനില്‍നിന്ന് കുറഞ്ഞനിരക്കില്‍ ലഭിച്ച വായ്പ എസ്.എന്‍.ഡി.പി യോഗം സ്വയംസഹായ സംഘങ്ങളില്‍ ഉയര്‍ന്ന നിരക്കിലാണ് വിതരണം ചെയ്തത്.  പരാതി ലഭിച്ചിട്ടും ഉദ്യോഗസ്ഥര്‍ വിലയിരുത്തിയില്ളെന്നും വിജിലന്‍സിന്‍െറ വിശദീകരണപത്രികയില്‍ പറയുന്നു.

Tags:    
News Summary - microfinance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.