‘അവർ ചെയ്തോട്ടെ, നമ്മൾ ചെയ്താൽ ചിലപ്പോൾ പൊട്ടിപ്പോകും’; മുഖ്യമന്ത്രിയോടുള്ള പിണക്കം മാറാതെ മൈക്കുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടുള്ള മൈക്കുകളുടെ പിണക്കം മാറുന്നില്ല. സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിലാണ് പിണറായിയും മൈക്കും വീണ്ടും പിണങ്ങിയത്. പ്രസംഗിക്കാനെത്തിയപ്പോൾ മൈക്കിന്‍റെ ഉയരക്കൂടുതൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. മൈക്കിന്‍റെ ആൾ‌ ഇങ്ങോട്ട് വന്നാൽ നല്ലതായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സി.പി.എം ജില്ല സെക്രട്ടറി വി. ജോയി ഓടിയെത്തി. ‘അവർ ചെയ്തോട്ടെ, നമ്മൾ ചെയ്താൽ ചിലപ്പോൾ പൊട്ടിപ്പോകും’ എന്നായിരുന്നു ചിരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മറുപടി.

പിന്നാലെ ഓപറേറ്റർ എത്തിയപ്പോൾ മൈക്കിന്‍റെ ദിശ ലേശം മാറണമെന്ന് പിണറായിയുടെ നിർദേശം. പിന്നാലെ സദസ്സിലും വേദിയിലും കൂട്ടിച്ചിരി. ‘ശരിയായി, ശരിയായി’ എന്ന് മുഖ്യമന്ത്രി. നേരത്തേ മൈക്ക് പ്രശ്നം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തിരുവനന്തപുരത്തെ വേദിയിൽ മൈക്ക് ഫൗൾ ചെയ്തതിന് മൈക്ക് ഓപറേറ്റർക്കെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത് വിവാദമായി. മൈക്ക് വിഷയത്തിൽ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയിൽ വരെ പിണറായി വിജയനെതിരെ വിമർശനം ഉയർന്നു.

കഴിഞ്ഞ ഏപ്രിലിൽ തളിപ്പറമ്പിലും മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ അൽപസമയം മൈക്ക് പണിമുടക്കി. മൈക്കിൽ തട്ടി നോക്കിയ പിണറായി പു‍ഞ്ചിരിച്ച് മാറിനിന്നു. ‘ഈ മൈക്ക് എന്നെ വിടുന്നേയില്ലല്ലോ’ എന്ന് അടുത്തുണ്ടായിരുന്ന നേതാക്കളോട് തമാശ പറയുകയും ചെയ്തു. അടൂരിലെ വാർത്തസമ്മേളനത്തിനിടയിൽ പണിമുടക്കിയപ്പോൾ മൈക്ക് ഒഴിവാക്കിയാണ് മുഖ്യമന്ത്രി സംസാരിച്ചത്.

Tags:    
News Summary - microphone malfunction during Pinarayi Vijayan's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.