പി.വി. അൻവർ 

‘സമയമായി, കടക്ക്‌ പുറത്ത്‌’; മലപ്പുറം പൊലീസിലെ കൂട്ട സ്ഥലം മാറ്റത്തിൽ പ്രതികരിച്ച് പി.വി. അൻവർ

മലപ്പുറം: വെളിപ്പെടുത്തലിന്‍റെ തുടർച്ചയായി മലപ്പുറം പൊലീസിൽ കൂട്ട സ്ഥലംമാറ്റമുണ്ടായതോടെ പ്രതികരണവുമായി പി.വി. അൻവർ എം.എൽ.എ. ഫേസ്ബുക്ക് പേജിൽ ‘സമയമായി, കടക്ക്‌ പുറത്ത്‌’ എന്നാണ് പ്രതികരണമറിയിച്ചത്. നിമിഷങ്ങൾക്കകം കുറിപ്പ് വൈറലായി. അൻവറിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തുവന്നു.

മലപ്പുറം ജില്ല പൊലീസ് മേധാവിയെയും ജില്ലയിലെ പ്രധാന തസ്തികകളിലുള്ള എട്ട് ഡിവൈ.എസ്.പിമാരെയും മാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരുന്നു. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരനെ എറണാകുളം റെയ്ഞ്ച് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ ചുമതലയിലേക്കാണ് മാറ്റിയത്. പൊലീസ് സേനയിലെ ഉന്നതർക്കെതിരെ മരംമുറി, സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. മുൻ എസ്.പി സുജിത് ദാസിനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് മലപ്പുറം എസ്.പിക്കും സ്ഥാനമാറ്റം വരുന്നത്.

ആഗസ്റ്റ് 20ന് കേരള പൊലീസ് അസോസിയേഷൻ 38ാമത് മലപ്പുറം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അൻവർ ആദ്യം എസ്.പിക്കെതിരെ രംഗത്തുവന്നത്. ഇത് പൊലീസിനെതിരായ പോരിന് തുടക്കം കുറിക്കലായിരുന്നു. എസ്‍.പി എത്താൻ വൈകിയതില്‍ പ്രകോപിതനായാണ് എം.എൽ.എ അന്ന് രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഇതോടെ മുഖ്യപ്രഭാഷകനായിരുന്ന എസ്.പി പ്രസംഗിക്കാതെ വേദി വിട്ടു.

അൻവർ എസ്.പിയെ വിമർശിച്ച സംഭവം വിവാദമായതോടെ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഐ.പി.എസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്തുവന്നിരുന്നു. എന്നാൽ, മാപ്പു പറയാൻ തയാറല്ലെന്ന തരത്തിൽ അൻവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ആഗസ്റ്റ് 26ന് ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നിർമാണം എസ്.പി ശശിധരൻ തടസ്സപ്പെടുത്തുകയാണെന്ന് കാണിച്ച് അദ്ദേഹം രംഗത്തുവന്നു.

ആഗസ്റ്റ് 29ന് എസ്.പിയുടെ വസതിയിലെ ഓഫിസിലെ മരംമുറിയുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയ എം.എൽ.എയെ തടഞ്ഞിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശി എൻ. ശ്രീജിത്ത് നൽകിയ പരാതിയിലെ നടപടി സംബന്ധിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു എം.എൽ.എ. 2021ൽ തേക്ക്, മഹാഗണി മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി.

ആഗസ്റ്റ് 30ന് എസ്.പിയുടെ മലപ്പുറത്തെ ക്യാമ്പ് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പി.വി. അന്‍വര്‍ അസാധാരണ സമരം നടത്തി. എസ്.പിയുടെ ക്യാമ്പ് ഓഫിസ് വളപ്പിലെ മരങ്ങൾ മുറിച്ചുകടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ടു മണിക്കൂറോളം കുത്തിയിരുന്നത്. ഇതിനിടെ മരംമുറി വിവാദവുമായി ബന്ധപ്പെട്ട് മുൻ എസ്.പി എസ്. സുജിത് ദാസുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടു. ഫോൺ സംഭാഷണം പുറത്തുവന്നതോടെ വിവാദം കൊഴുക്കുകയായിരുന്നു.

Tags:    
News Summary - P.V. Anwar Response to mass transfer of Malappuram police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.