തിരുവനന്തപുരം: മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയറിലെ അപ്രതീക്ഷിത സ്തംഭനം സംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങളെ കാര്യമായി ബാധിച്ചില്ല. അതേസമയം ടെക്നോപാർക്കിലെ അടക്കം ഐ.ടി കമ്പനികളുടെ പ്രവർത്തനത്തെ സോഫ്റ്റ്വെയർ പണിമുടക്ക് പ്രതിസന്ധിയിലാക്കി.
സെക്രട്ടേറിയറ്റുകളും കലക്ടടറേറ്റുകളുമടക്കം 90 ശതമാനം ഓഫിസുകളിലെയും കമ്പ്യൂട്ടർ സംവിധാനം സ്വതന്ത്ര സോഫ്റ്റ്വെയറായ ഉബുണ്ടുവിലാണ്. പൊതുജനങ്ങൾക്കുള്ള സർക്കാറിന്റെ ഐ.ടി അധിഷ്ടിത സേവനങ്ങൾക്കും മുടക്കമുണ്ടായില്ല. സ്വതന്ത്ര സോഫ്റ്റ്വെയറെന്ന നയത്തിന് വിരുദ്ധമായി സ്വന്തം നിലക്ക് കുത്തക സോഫ്റ്റ്വെയറുകൾ സ്ഥാപിച്ച ഏതാനും സ്വയംഭരണ സ്ഥാപനങ്ങളുടെ ഓൺലൈൻ സംവിധാനങ്ങൾ പ്രതിസന്ധി നേരിട്ടു. കേന്ദ്ര സർക്കാറിന്റെ സൈബർ സുരക്ഷ വിഭാഗമായ കമ്പ്യൂട്ടർ എമർജൻസി റെസ്പോൻസ് ടീം സോഫ്റ്റ്വെയർ കുരുക്കിൽനിന്ന് രക്ഷപ്പെടുന്നതിനുള്ള മാർഗനിർദേശങ്ങൾ എല്ലാം സംസ്ഥാനങ്ങൾക്കും കൈമാറിയിരുന്നു. ടെക്നോപാർക്കിലെ പല കമ്പനികളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. അധികം വൈകാതെ തന്നെ പ്രശ്നം തീർക്കാനും ഇടപെടലുണ്ടായി. ഓഫിസുകളിലെ കമ്പ്യൂട്ടറുകളിൽ പ്രശ്നം പരിഹരിച്ചെങ്കിലും ‘വർക്ക് അറ്റ് ഹോമി’ലുള്ളവരുടെ കമ്പ്യൂട്ടറുകളിലെ കുരുക്കഴിയണമെങ്കിൽ കമ്പ്യൂട്ടറുകളുമായി ഓഫിസിലെത്തണം. റെയിൽവേയുടെ പ്രവർത്തനത്തെ സോഫ്റ്റ്വെയർ തകരാറ് ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്വെയറിൽ തങ്ങളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് വികസിപ്പിച്ച യുനിക്സ് കൊബോൾ സോഫ്റ്റ്വെയറാണ് റെയിൽവേ ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.