മൈക്ക് ഓപ്പറേറ്റർക്ക് ശകാരം; എം.വി. ഗോവിന്ദനെതിരേ ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ

ജനകീയ പ്രതിരോധജാഥക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതിനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആന്റ് സൗണ്ട് എഞ്ചിനീയറിങ് ആന്റ് പ്രൊപ്രൈറ്റർ അസോസിയേഷൻ രംഗത്ത്. പ്രസംഗം മോശമാക്കണമെങ്കിൽ എളുപ്പമായിരുന്നു. ചെറിയ മാറ്റം വരുത്തിയാൽ സ്ത്രീയുടെ ശബ്ദമാക്കാനും പ്രസംഗം മനസ്സിലാകാത്ത രീതിയിലാക്കാനും സാധിക്കും. നന്നാക്കാനാണ് ഓപ്പറേറ്റർ ശ്രമിച്ചത്. അതിന്റെ പേരിലാണ് ശകാരം കേൾക്കേണ്ടി വന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഓപ്പറേറ്ററോട് സ്വകാര്യമായി പറയുന്നതായിരുന്നു ശരി. അത്രയും വലിയ സദസിന് മുന്നിൽവെച്ച് അപമാനിച്ചത് വേദനാജനകമാണ്. പരസ്യമായി അപമാനിച്ചതിൽ വിഷമമുണ്ടെന്നും എന്നാൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നുമാണ് ഓപ്പറേറ്റർ പറഞ്ഞതെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രതിരോധജാഥയിൽ സംസാരിക്കുന്നതിനിടെ ഓപ്പറേറ്റർ മൈക്കിനടുത്തേക്ക് നീങ്ങിനിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടതാണ് എം.വി. ഗോവിന്ദനെ പ്രകോപിപ്പിച്ചത്. മൈക്ക് പ്രവർത്തിപ്പിക്കുന്നതിന് നിരവധി ആധുനിക സംവിധാനങ്ങളുണ്ടെന്നും അതൊന്നും അറിയാതെ കുറേ സാധനങ്ങൾ കൊണ്ടുവന്ന് അവസാനം മൈക്കിനടത്തേക്ക് നീങ്ങിനിൽക്കാൽ കൽപ്പിക്കുകയാണ് എന്നുമൊക്കെയായിരുന്നു എം.വി ഗോവിന്ദൻ വേദിയിൽ പരസ്യമായി പ്രതികരിച്ചത്.

സംഭവം വിവാദമായതോടെ അതിൽ വിശദീകരണവുമായി ഗോവിന്ദൻ രംഗത്ത് എത്തിയിരുന്നു. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ശരിയായിട്ട് തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ മൈക്ക് ഓപ്പറേറ്റർ പലതവണ ഇടപെട്ടപ്പോഴാണ് പൊതുയോഗത്തിൽ വെച്ച് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ച് ക്ലാസെടുക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ഇടപെടുന്നതിൽ വിഷമം ഉണ്ടാകാറില്ല. ചോദ്യങ്ങൾ ചോദിച്ച്, മറുപടി പറഞ്ഞു കൊണ്ട് പ്രസംഗിക്കുന്നതാണ് എന്റെ രീതി. ആദ്യം അയാൾ വന്ന് മൈക്ക് ശരിയായി വെച്ചു. കുറച്ചു കഴിഞ്ഞ് വീണ്ടും വന്ന് ശരിയാക്കി. എന്നിട്ട് അയാള്, അടുത്ത് നിന്ന് സംസാരിക്കാൻ വേണ്ടി എന്നോട് പറയാ, അടുത്ത് നിന്ന് സംസാരിക്കൂ എന്ന് മൈക്ക് ഓപ്പറേറ്റർ എന്നെ പഠിപ്പിക്കാൻ വരികയാണ്. അപ്പോ ഞാൻ പറഞ്ഞു, ഞാൻ അടുത്ത് നിന്ന് സംസാരിക്കാത്തത് കൊണ്ടല്ല പ്രശ്നം, നിങ്ങളുടെ മൈക്ക് കൃത്യമായി, ശാസ്ത്രീയമായി തയ്യാറാക്കാൻ പറ്റാത്തതാണ് പ്രശ്നം എന്ന്. ശേഷം, അത് സംബന്ധിച്ച് പൊതുയോഗത്തിൽ ക്ലാസ്സെടുക്കുകയും ചെയ്തു. ശാസ്ത്ര സാങ്കേതിക വിദ്യ അടക്കം പറഞ്ഞു. അപ്പോൾ ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തിയില്ലാത്തതിന്റെ ഭാഗമായിട്ടാണ് ഈ പ്രശ്നം ഉണ്ടായത് എന്ന് ഞാൻ ചൂണ്ടിക്കാണിക്കുക ഉണ്ടായി. ജനങ്ങൾ കൈയടിക്കുകയും ചെയ്തു' ഗോവിന്ദൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.