പാല്‍ വില ലിറ്ററിന് 10 രുപയെങ്കിലും കൂട്ടണം- മില്‍മ

കൊച്ചി: ഉത്പാദന ചെലവും കൂലി വധനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി വർധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂനിയന്‍ ഭരണസമിതി തീരുമാനിച്ചു. ഴിഞ്ഞ ദിവസം കൂടിയ ഭരണ സമിതി തീരുമാനം ഫെഡറേഷന് സമര്‍പ്പിച്ചെന്നും ചെയര്‍മാന്‍ സി.എന്‍. വത്സലന്‍ പിള്ള അറിയിച്ചു.

കര്‍ഷകരെ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിന് പാല്‍ വില ലിറ്ററിന് 10 രുപയെങ്കിലും അടിയന്തിരമായ വര്‍ധന ഉടന്‍ നടപ്പാക്കണം. അതോടൊപ്പം ക്ഷീര കര്‍ഷക മേഖലക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് കര്‍ഷകരെ സഹായിക്കണമെന്നും ഭരണ സമിതി യോഗം ആവശ്യപ്പെട്ടു.

കേരളത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന് അനുസരിച്ചുള്ള ന്യായമായ വില ലഭിക്കാത്തതുകൊണ്ട് ചെറുകിട നാമമാത്ര കര്‍ഷകരും ഫാം നടത്തുന്നവരും ഉള്‍പ്പെടെയുള്ളവര്‍ക്ഷീരോത്പാദക രംഗത്ത് നിന്നും പിന്‍മാറുകയാണ്. അതാനൽ പാല്‍ വില വർധനവ് നടപ്പാക്കണം. അതിന് മില്‍മ ഫെഡറേഷനിൽ സമ്മര്‍ദം ചെലുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

പാല്‍ ഉല്പാദനം സംസ്ഥാനത്ത് അനുദിനം കുറഞ്ഞു വരുന്നു. കാലാവസ്ഥ വ്യതിയാനവും മറ്റ് രോഗങ്ങളും കാരണം ക്ഷീര കര്‍ഷക മേഖല സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. ആഭ്യന്തര ഉപഭോഗം നിറവേറ്റാന്‍ മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണ്. ക്ഷീര കര്‍ഷകര്‍ നേരിടുന്ന മറ്റ് വിഷയങ്ങളിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ ഈ മേഖല വലിയ തകര്‍ച്ചയെ നേരിടുമെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Milk price should be increased by at least Rs. 10 per liter - Milma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.