ബാബുവിനെതിരെ കേസെടുക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

നമേഖലയിൽ അനുമതിയില്ലാതെ പ്രവേശിച്ചതിന് ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടെന്ന് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. വനമേഖലയിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി ബാബുവിനെതിരെ കേസെടുക്കുമെന്ന് നേരത്തെ വനംവകുപ്പ് പറഞ്ഞിരുന്നു. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കാന്‍ തീരുമാനിച്ചിരുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും മലമ്പുഴയിലെ ചെറാട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് കരസേനയും എൻ.ഡി.ആർ.എഫും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി ഇന്നലെ രാവിലെ 11 മണിയോടെയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ചെറാട് മലയിലെത്തിയ സൈന്യം ബുധനാഴ്ച രാവിലെ ഒമ്പതിനാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. മലമുകളിലെത്തിച്ച ബാബുവിനെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജില്ല ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ ഇന്നുതന്നെ ആശുപത്രി വിട്ടേക്കുമെന്നാണ് വിവരം. 

Tags:    
News Summary - Minister AK Saseendran has said that no case will be registered against Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.