തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് റൂൾ കർവ് പാലിച്ചില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് റൂൾ കർവിൽ എത്തിക്കാൻ കഴിയാത്തത് സുപ്രീംകോടതിയെയും മേൽനോട്ട സമിതയെയും അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. റോഷി അഗസ്റ്റിനും മന്ത്രി പി. പ്രസാദും മുല്ലപ്പെരിയാറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇന്ന് രാത്രിവരെ 138 അടിയായി ജലനിരപ്പ് നിര്‍ത്തേണ്ടതായിരുന്നു. ഇനി അത് നടക്കില്ല. 29ന് രാവിലെ ഷട്ടര്‍ ഉയര്‍ത്തിയതുമുതല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടായിരിക്കുകയാണ്. 139 അടിയില്‍ നിന്ന് ജലനിരപ്പ് 138.80ലേക്കെത്തി. ഇപ്പോള്‍ സെക്കൻഡിൽ 2974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
ആറ് സ്പില്‍വേ ഷട്ടറുകളാണ് മുല്ലപ്പെരിയാറില്‍ തുറന്നിരിക്കുന്നത്. ഇന്നലെയാണ് മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഒരടിയിലേറെ കൂടിയിരുന്നു.
മുല്ലപ്പെരിയാറില്‍ നിരീക്ഷണം ശക്തമാക്കും. പൂർണ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കും. നിരീക്ഷണത്തിന് ജലവിഭവ വകുപ്പ് സ്വന്തമായി ബോട്ട് വാങ്ങുമെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു. ആഴ്ച തോറും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.
7000 ഘനയടി വെള്ളം തുറന്നു വിട്ടാൽ വേണ്ടി വരുന്ന മുൻകരുതലുകളും സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ നിലവിൽ കൂടുതൽ വെള്ളം തുറന്നുവിടുമോയെന്ന കാര്യത്തെക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല.
കാലാവസ്ഥയും ഡാമിലേക്കുള്ള നീരൊഴുക്കിന്‍റെ കണക്കും ഉപയോഗിച്ച് ജലനിരപ്പിന് സമയബന്ധിതമായ ഒരു പരിധി നിശ്ചിക്കാറുണ്ട്. ഇതിനെയാണ് റൂൾ ക൪വ് എന്ന് പറയുന്നത്. ഡാമിലെ ഉയ൪ന്ന ജലനിരപ്പിന്‍റെ പരിധിയാണ് അപ്പർ റൂൾ കർവ്. ഇത് കാലാവസ്ഥയും മുൻകാല നീരൊഴുക്കും നോക്കിയാണ് നിശ്ചയിക്കുക. ഓരോ മാസവും വ്യത്യസ്ത റൂൾ ലെവലുകളാണ് ഡാമുകൾക്കുണ്ടാകുക. അതായത് ജൂൺ മാസത്തിൽ ഡാം തുറക്കേണ്ടുന്ന നിശ്ചിത ജലനിരപ്പ് ആയിരിക്കില്ല ഒക്ടോബറിൽ ഡാം തുറക്കുന്ന ജലനിരപ്പ്.
കേരളത്തിൽ പൊതുവെ കനത്ത മഴ ലഭിക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ റൂൾ ലെവൽ ഒക്ടോബ൪, നവംബ൪ മാസങ്ങളെ അപേക്ഷിച്ച് താഴ്ന്ന ലെവലിലായിരിക്കും. അതിനുകാരണം മഴക്കാലമല്ലാത്ത സീസണുകളിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടാകാനിടയില്ലാത്തതിനാൽ ഡാമിന് മു൯കൂറായി കൂടുതൽ ജലംശേഖരിക്കാനുള്ള സ്ഥലം ആവശ്യമുണ്ടായേക്കില്ല എന്നതാണ്. എന്നാൽ താരതമ്യേന ഉയ൪ന്ന മഴലഭിക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ നീരൊഴുക്ക് കൂടുതൽ ഉണ്ടാകുമെന്നതിനാൽ കൂടുതൽ സ്റ്റോറേജ് സ്പേസ് ആവശ്യമായി വരുന്നതിനാൽ മറ്റുമാസങ്ങളെ അപേക്ഷിച്ച് ഇത്തരം മാസങ്ങളിൽ ഡാം നേരത്തെ തുറക്കും. ഇതേ റൂൾ ലെവൽ ഉപയോഗിച്ചാണ് ഡാമിൽ ബ്ലൂ, ഓറഞ്ച്, റെഡ് അലേ൪ട്ടുകൾ പ്രഖ്യാപിക്കുന്നത്. റൂൾ ലെവലിന്‍റെ എട്ട് അടി താഴെ വെള്ളമെത്തുമ്പോൾ ബ്ലൂ അലേ൪ട്ടും, രണ്ട് അടി താഴെ എത്തുമ്പോൾ ഓറഞ്ച് അലേ൪ട്ടും, ഒരടി താഴെ എത്തുമ്പോൾ റെഡ് അലേ൪ട്ടും പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.