കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി ആന്‍റണി രാജു

തൃശൂർ: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും പല ഗ്രാമപ്രദേശങ്ങളിലും ഇപ്പോഴും യാത്രാ സൗകര്യങ്ങൾ പരിമിതമാണ്. ഇതിനൊരു പരിഹാരമാണ് ഗ്രാമവണ്ടിയെന്നും മന്ത്രി പറഞ്ഞു. ഗ്രാമവണ്ടി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എളവള്ളി പഞ്ചായത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഗ്രാമപ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് ചെലവ് കുറഞ്ഞ യാത്രാസൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണ് ഗ്രാമവണ്ടി എന്ന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഉൾപ്രദേശവും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്ക് ചുരുങ്ങിയ ചെലവിൽ ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സർക്കാർ പദ്ധതിയാണ് കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി.

പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ ഗ്രാമവണ്ടി സർവീസ് നടത്തും. ഗുരുവായൂരിൽ നിന്ന് ചൊവ്വല്ലൂർപ്പടി, പോൾമാസ്റ്റർ പടി, കിഴക്കേത്തല, താമരപ്പിള്ളി, പെരുവല്ലൂർ, മമ്മായിസെന്റർ, കോക്കൂർ, വാക, മറ്റം തിരിച്ച് ചേലൂർ അതിർത്തി, പറയ്ക്കാട്, മണ്ണാംപാറ, പാറസെന്റർ, ഉല്ലാസ് നഗർ, പണ്ടറക്കാട്, മാധവൻപീടിക, ജനശക്തി സെന്റർ, കാക്കശ്ശേരി, പൂവ്വത്തൂർ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ ഗ്രാമവണ്ടി എത്തും.

ജീവനക്കാരുടെ താമസം, പാർക്കിങ്, സുരക്ഷ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും. ജീവനക്കാരുടെ ശമ്പളം, വാഹനം, വാഹനത്തിന്റെ മെയിന്റനൻസ്, സ്പെയർപാർട്സ്, ഇൻഷുറൻസ് തുടങ്ങി ചെലവുകൾ കെ.എസ്.ആർ.ടി.സി വഹിക്കും.എളവള്ളി പൂവ്വത്തൂർ ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു.മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബെന്നി ആന്റണി, മുഹമ്മദ് ഗസാലി, കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Minister Antony Raju says KSRTC will extend gram vendi to all districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.