പൂജ കഴിയുംവരെ ആരെയും തൊടാൻ പാടില്ലെങ്കിൽ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങാൻ പാടുണ്ടോ -മന്ത്രി രാധാകൃഷ്ണൻ

തിരുവനന്തപുരം: പൂജാ സമയമായതുകൊണ്ടാണ് മന്ത്രി രാധാകൃഷ്ണന് നൽകേണ്ട വിളക്ക് താഴെവച്ചുകൊടുക്കേണ്ടി വന്നതെന്ന ക്ഷേത്രം മേൽശാന്തിയുടെ വാദത്തിന് മറുപടിയുമായി മന്ത്രി. പൂജ കഴിയും വരെ ആരെയും തൊടാൻ പാടില്ലെങ്കിൽ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങാൻ പാടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ജനങ്ങളെ തൊട്ടിട്ടല്ലേ പൂജാരി അകത്തേക്ക് പോയത്. അതു ശരിയാണോ. അങ്ങനെയെങ്കിൽ അമ്പലം മുഴുവൻ ശുദ്ധികലശം നടത്തേണ്ടെയെന്നും മന്ത്രി ചോദിച്ചു.

അവിടെ വെച്ച് പൂജാരിക്ക് പൈസ കിട്ടിയാല്‍ അത് അമ്പലത്തിലേക്ക് കൊണ്ടുപോകില്ലേ. പൈസ കൊണ്ടുപോകുമ്പോള്‍ അയിത്തമില്ല, മനുഷ്യന് മാത്രം അയിത്തം കല്‍പ്പിക്കുന്ന ഏതു രീതിയോടും യോജിക്കാന്‍ കഴിയില്ല. അയിത്തം വേണം അനാചാരം വേണം എന്ന അഭിപ്രായമുള്ളവരുമുണ്ട്. അത്തരക്കാര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കുന്നില്ല. പക്ഷെ അതു സമ്മതിക്കില്ല എന്നു പറയാനുള്ള അവകാശവും നമുക്ക് ഉണ്ടാകണം. അതാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.

പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ ചുറ്റു നടപ്പന്തൽ ഉദ്ഘാടനത്തിന് പോയപ്പോൾ ജാതിവിവേചനം നേരിട്ടതായി മന്ത്രി രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിളക്ക് കൊളുത്തിയ മേൽശാന്തി വിളക്ക് മന്ത്രിയുടെ കൈയിൽ നൽകാതെ നിലത്തുവെക്കുകയായിരുന്നു. മന്ത്രി ആ വേദിയിൽ വെച്ചുതന്നെ വിവേചനത്തിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ വിശദീകരണവുമായി മേൽശാന്തി രംഗത്തുവന്നു. പൂജാകർമങ്ങൾ തുടങ്ങിയ സമയമായതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. അല്ലാതെ ജാതി വ്യവസ്ഥയുടെ പ്രശ്നമൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നാണ് മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞത്. ആചാരപരമായ രീതിയെ കുറിച്ച അറിവില്ലായ്മ മൂലമാണ് മന്ത്രിയുടെ പ്രസ്താവനയെന്ന വിമർശനവുമായി യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടും രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - minister k radhakrishnans statement in untouchability controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.