തൃശൂർ: നാട്ടികയിൽ അഞ്ചു പേരുടെ മരണത്തിനു കാരണമായ ലോറി അപകടത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ. രാജൻ. പ്രതികൾ ചെയ്തത് ഗുരുതര കുറ്റമാണെന്നും മനഃപൂർവമുള്ള നരഹത്യക്കാണ് കേസെടുത്തതെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽനിന്ന് തടിയുമായി പുറപ്പെട്ട ലോറി മാഹിയിൽ നിർത്തി മദ്യം വാങ്ങി വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും ഉപയോഗിച്ചു. ഡിവൈഡർ ഉൾപ്പെടെ ഇടിച്ചുതെറിപ്പിച്ചാണ് ലോറി ആളുകളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയതെന്നും മന്ത്രി പറഞ്ഞു.
“നിർഭാഗ്യകരമായ സംഭവമാണുണ്ടായത്. റോഡുപണി നടക്കുന്നതിന് സമീപം ഉറങ്ങുകയായിരുന്ന ആളുകൾക്കിടയിലേക്ക് അതിവേഗത്തിൽ അലക്ഷ്യമായി ഓടിച്ച ലോറി ഇടിച്ചുകയറി അഞ്ചുപേർ മരിക്കുകയാണുണ്ടായത്. ആറുപേരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വിശദമായ റിപ്പോർട്ട് നൽകാൻ കലക്ടറോട് നിർദേശിച്ചിട്ടുണ്ട്. പ്രതികൾ ഗുരുതര കുറ്റങ്ങൾ ചെയ്തതായാണ് മനസ്സിലാക്കുന്നത്.
കണ്ണൂരിൽനിന്ന് തടിയുമായി പുറപ്പെട്ട ലോറി മാഹിയിൽ നിർത്തി മദ്യം വാങ്ങി വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. മനഃപൂർവമുള്ള നരഹത്യക്കാണ് കേസെടുത്തത്. പഴുതടച്ച അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഡിവൈഡർ ഉൾപ്പെടെ ഇടിച്ചുതെറിപ്പിച്ചാണ് ലോറി ആളുകളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ഇൻക്വസ്റ്റ് നടപടികൾ ഉടൻ പൂർത്തിയാക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും” -മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേരാണ് ദാരുണമായി മരിച്ചത്. കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (നാല്), വിശ്വ (1) എന്നിവരാണ് മരിച്ചത്. നാട്ടിക ജെ.കെ തിയേറ്ററിനടുത്താണ് ദുരന്തമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചു പേരും മരിച്ചു. സംഭവത്തിൽ കണ്ണൂർ ആലങ്കോട് സ്വദേശികളായ ഡ്രൈവർ ചാമക്കാലച്ചിറ ജോസ് (54), ക്ലീനർ ഏഴിയക്കുന്നിൽ അലക്സ് (33) എന്നിവരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ലോറിയുമായി കടന്നുകളയാൻ ക്ലീനർ ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.