തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ വീണ്ടും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രി കേരളത്തെ അപമാനിക്കാൻ വേണ്ടി മാത്രം വാ തുറക്കുന്നുവെന്നായിരുന്നു റിയാസിന്റെ വിമർശനം. പി.ഡബ്ല്യു.ഡി റോഡുകളിലെ കുഴിയടക്കാൻ വകുപ്പ് കഠിനാധ്വാനം ചെയ്യുകയാണ്. 50 ശതമാനം പി.ഡബ്ല്യു.ഡി റോഡുകളും ഉടൻ ബിറ്റുമിനസ് ടാറിങ് ആക്കുമെന്നും മന്ത്രി അറിയിച്ചു.
ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളിലാണ് കുഴികൾ ഏറ്റവും കൂടുതലെന്നും കേരളത്തിൽ ജനിച്ച് വളർന്ന് മറ്റൊരു സംസ്ഥാനത്തു നിന്ന് രാജ്യസഭാംഗവും കേന്ദ്രമന്ത്രിയാവുകയും ചെയ്ത ഒരാൾ ദിവസവും നടത്തുന്ന പത്രസമ്മേളനങ്ങളെക്കാൾ കൂടുതൽ കുഴികൾ ദേശീയപാതയിലുണ്ടെന്നും നിയമസഭയിൽ കഴിഞ്ഞ ദിവസം റിയാസ് പരിഹസിച്ചിരുന്നു.
റോഡുകളിലെ കുഴികൾ സംബന്ധിച്ച് കെ.ബാബുവിന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരനെ പേരെടുത്തു പറയാതെ മന്ത്രി വിമർശിച്ചത്.
പൊതുമരാമത്ത് റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് പോയാൽ പോരെയെന്നും കൂളിമാട് പാലം തകർന്നതിന് സിമന്റ് കുഴച്ചവർക്കെതിരെ നടപടിയെടുത്ത മന്ത്രിയുടെ ഉപദേശം തങ്ങൾക്ക് വേണ്ടെന്നുമായിരുന്നു ഇതിന് മുരളീധരന്റെ മറുപടി. മന്ത്രി റിയാസ് വിമാനയാത്ര ഒഴിവാക്കി റോഡിലൂടെ പോയാൽ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള പൊതുമരാമത്ത് റോഡുകളുടെ അവസ്ഥ മനസിലാകുമെന്നും സ്വന്തം കഴിവുകേട് മറച്ചുവെക്കാൻ തങ്ങളെ പഴിചാരരുതെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.