കോട്ടയം: അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചത്‌കൊണ്ടാണ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മരുന്ന് കൊടുക്കണമെന്ന് ഒരു മന്ത്രിക്ക് പറയാൻ കഴിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരാശമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ മരുന്ന് കഴിക്കുകയോ വ്യായാമം ചെയ്യുകയോ ആണ് വേണ്ടതെന്നായിരുന്നും മന്ത്രി റിയാസിന്റെ പരാമർശം.
ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നേതാവ് പൊതുമരാമത്ത് മന്ത്രിയെന്നും ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് മന്ത്രിക്ക് കൈമാറിയോയെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം പാമ്പാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരനായ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നതിനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ഗുരുതരമായ ആറ് അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഈ ആറ് അഴിമതികള്‍ക്ക് പിന്നിലും മുഖ്യമന്ത്രിയുണ്ടെന്നത് തെളിവുകള്‍ സഹിതം ഉന്നയിച്ചിട്ടും മറുപടി പറയാന്‍ തായറല്ലെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി മാധ്യമങ്ങളെയും ജനങ്ങളെയും കാണാന്‍ ഭയപ്പെടുകയാണ്. മുന്നിലിരിക്കുന്ന കുട്ടിസഖാക്കള്‍ക്ക് എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിക്കാന്‍ അറിയില്ലെന്ന ബോധ്യമുള്ളതുകൊണ്ട് പാര്‍ട്ടി സമ്മേളനങ്ങളില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മാധ്യമങ്ങളെ ഭയപ്പെട്ട് പേടിച്ച് വിറച്ച് നില്‍കുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന പട്ടം ഞങ്ങള്‍ പിണറായി വിജയന് നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ജീവിതകാലം മുഴുവന്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നു. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ അവര്‍ ജീവിച്ചിരിക്കാത്ത ഉമ്മന്‍ ചാണ്ടിയെ ഭയക്കുന്നു. അതുകൊണ്ടാണ് മരിച്ച ശേഷവും സി.പി.എം നേതാക്കള്‍ വീണ്ടും അദ്ദേഹത്തെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.