ഇതുപോലൊരു പ്രതിപക്ഷ നേതാവ് കേരളത്തിനുണ്ടായിട്ടില്ല, അക്രമ പ്രതിപക്ഷമായി മാറി -മന്ത്രി പി. രാജീവ്

തിരുവനന്തപുരം: ഇതുപോലെ അപക്വമായ തീരുമാനം എടുക്കുന്ന പ്രതിപക്ഷ നേതാവ് കേരളത്തിനുണ്ടായിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. പ്രതിപക്ഷത്തിന്റേത് അപക്വമായ നിലപാടാണ്. അക്രമ പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറി. അവര്‍ കേരളത്തിൽ കൂടുതൽ ഒറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നവ കേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം നെടുമങ്ങാട് മണ്ഡലങ്ങളാണ് ഇന്ന് മന്ത്രിസഭ പര്യടനം നടത്തുക. ഈ ഭാഗങ്ങളിൽ കടുത്ത നിയന്ത്രണവും സുരക്ഷയുമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡ്രോൺ കാമറകൾക്ക് നിരോധനം ഏ​ർപ്പെടുത്തി. നവകേരള സദസ്സിന്റെ 100 മീറ്റർ പരിധിയിലും ഒരുസദസ്സിൽനിന്ന് മറ്റൊരു സദസ്സിലേക്ക് മന്ത്രിസംഘം സഞ്ചരിക്കുന്ന റോഡിലുമാണ് നിരോധനം. ഇവിടെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു.

മന്ത്രിസഭയുടെ പ്രഭാത യോഗം രാവിലെ ആറ്റിങ്ങലിൽ നടക്കും. അതിനുശേഷം മുഖ്യമന്ത്രി വാർത്ത സമ്മേളനം നടത്തും.

അതിനിടെ, യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കലാപാഹ്വാനത്തിനടക്കം പൊലീസ് കേസെടുത്തു. ഇതിനെതിരെ പരിഹാസവുമായി സതീശൻ രംഗത്തെത്തി. ‘ഞാന്‍ പേടിച്ചുപോയെന്ന്​ മുഖ്യമന്ത്രിയോട്​ പറഞ്ഞേക്കണം’ എന്ന്​ അദ്ദേഹം ഫേസ് ബുക്കിൽ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കിയെന്ന ടെലിവിഷന്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയായിരുന്നു പ്രതികരണം.

കോൺഗ്രസ് എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം.വിൻസെന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുൾപ്പെടെ 30 പേർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. രണ്ട് സ്റ്റേഷനുകളിലായി സമരത്തിൽ പങ്കെടുത്ത 45 പേർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, ആയുധം കൊണ്ട് മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയും കുറ്റങ്ങളാണ്.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യൂത്ത് കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തി. 'സതീശന്‍റെ പ്രസിഡന്‍റിനോട് ചോദിച്ചാൽ അറിയാം, അവരുടെ പ്രതാപ കാലത്ത് പൊലീസിനെ കൂടെ നിർത്തി ഗുണ്ടകൾ വഴിനീളെ ആക്രമണം അഴിച്ചുവിട്ടിരുന്ന കാലം. ആ കാലത്തും ഞാൻ അതിലെ നടന്നിട്ടുണ്ട് സതീശാ." എന്നാണ് പിണറായി വിജയൻ പറഞ്ഞത്. യൂത്ത് കോൺഗ്രസിനെ ആ പ്രതാപകാലത്ത് ഭയപ്പെടേണ്ടി വന്നിട്ടില്ല. ഇപ്പോൾ യൂത്ത് കോൺഗ്രസിന് എന്താ പ്രതാപമാണുള്ളത് എന്ന് എല്ലാവർക്കുമറിയാമല്ലോ’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Minister P rajeev against VD satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.