തിരുവനന്തപുരം: തിരുവനന്തപുരം മുതൽ അരൂർ വരെ ദേശീയപാതയിൽ മത്സ്യ വ്യാപാരം ഒഴിവാക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി.
നൂറിലേറെ കേന്ദ്രങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തിയും അപകട സാധ്യത ഉയർത്തിയും ഗതാഗത ചട്ടങ്ങൾ ലംഘിച്ചും മത്സ്യക്കച്ചവടം നടക്കുന്നു. ദേശീയപാതയുടെ ക്യാരേജ് വേക്ക് പുറത്ത് നിശ്ചിത അകലത്തിൽ പഴം പച്ചക്കറി വ്യാപാരങ്ങൾ നടത്തുന്നത് ഓണക്കാലമായതിനാൽ തടയുന്നില്ല. ഓണക്കാലം കഴിഞ്ഞാൽ അവരും ഒഴിയണമെന്നും മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ദേശീയപാതയുടെ ടാർ ഭാഗത്തേക്ക് കയറ്റിവെച്ചാണ് മത്സ്യ വ്യാപാരം നടത്തുന്നത്. ഇത് ഗുരുതര ഗതാഗത ചട്ട ലംഘനമാണ്. മീൻ വാങ്ങാനായി ആളുകൾ ചുറ്റും കൂട്ടം കൂടുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകുന്നു. 300 ലേറെ ആളുകളാണ് കൂട്ടംകൂടി നിൽക്കുന്നത്.
കല്ലമ്പലം കടുവയിൽ മുസ്ലിം ആരാധനാലയത്തിന് എതിർവശം നടക്കുന്ന മത്സ്യവ്യാപാരം ഉദാഹരണമാണ്. കല്ലമ്പലം പൊലീസ് ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല. പൊലീസും റോഡ് സുരക്ഷ ഉദ്യോഗസ്ഥരും പൊതുമരാമത്ത് ദേശീയപാത വിഭാഗവും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ഇത്തരം മത്സ്യ വ്യാപാരം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.