കൽപറ്റ: മഹാമാരിയെ തോൽപിക്കുന്ന വരികൾ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണ വേളയിൽ വായിച്ചപ്പോൾ, ഒമ്പതാം ക്ലാസുകാരി അളകനന്ദയുടെ വീട്ടിൽ ആനന്ദം വേലിക്കെട്ടുകൾ തകർത്തെറിഞ്ഞു. കണിയാമ്പറ്റ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയും ചീക്കല്ലൂർ സ്വദേശിനിയുമായ കെ.എച്ച്. അളകനന്ദയുടെ 'മഹാമാരി' എന്ന കവിതയാണ് ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി വായിച്ചത്.
കോവിഡ് കാലത്ത് വീട്ടിനുള്ളിലേക്ക് ചുരുങ്ങിയതോടെയാണ് കവിതയുടെ ലോകത്തേക്ക് കടക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള അക്ഷരം വൃക്ഷം പദ്ധതി ബയോളജി അധ്യാപിക ശ്രദ്ധയിൽപെടുത്തി. നിർബന്ധത്തിനു വഴങ്ങിയാണ് മത്സരത്തിലേക്കായി കവിത എഴുതി അയക്കുന്നത്. കവിത ഓൺലൈനായി പ്രസിദ്ധീകരിച്ചു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിൽനിന്ന് സർട്ടിഫിക്കറ്റുകളും ലഭിച്ചു. കവിത ബജറ്റ് അവതരണവേളയിൽ ആമുഖമായി വായിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
''ഒരു പ്രോട്ടീൻ പാളിക്കുള്ളിൽനിന്ന് നീ ലോക യുദ്ധം പ്രഖ്യാപിച്ചപ്പോൾ'' എന്ന് തുടങ്ങുന്ന കവിതയാണ് വായിച്ചത്. പിന്നാലെ അനുമോദനങ്ങളുമായി വീട്ടിലേക്ക് അധ്യാപകരുടെയും സഹപാഠികളുടെയും വിളികളെത്തി. വയനാട് ജില്ല ഇൻഫർമേഷൻ ഓഫിസ് ജീവനക്കാരനായ ചീക്കല്ലൂർ കുന്നത്ത് ഹരിഹരെൻറയും ഫിഷറീസ് വകുപ്പ് ജീവനക്കാരി ജ്യോത്സനയുടെയും മകളാണ്. ഏഴാം ക്ലാസ് വിദ്യാർഥി യദുനന്ദനാണ് സഹോദരൻ. ബജറ്റിൽ മന്ത്രി കവിത വായിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അഭിമാനം തോന്നുന്നതായും അളകനന്ദ പറഞ്ഞു. എഴുത്തുകാരനായ പിതാവുതന്നെയാണ് മകളെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചത്. നൃത്തത്തിലും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.