തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തരത്തിൽ കളിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവാണ് മുഖ്യമന്ത്രി. ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും വി.ഡി. സതീശൻ നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്തു പറയാൻ ആകുമോ?’-ചിറയൻകീഴ് മണ്ഡലത്തിൽ നവകേരള സദസ്സിൽ സംസാരിക്കവേ ശിവൻകുട്ടി ചോദിച്ചു.
ഇനിയും വെല്ലുവിളിക്കാൻ ആണ് സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. കേരളത്തെ കലാപഭൂമിയാക്കാൻ സതീശൻ ഗൂഢാലോചന നടത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോൺഗ്രസ് ഗുണ്ടകൾ അഴിഞ്ഞാടിയത് സതീശന്റെ ഒത്താശയോടെയാണ്. പൊതുഖജനാവിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദി സതീശൻ ആണ്.
കേരളത്തിലെ പ്രതിപക്ഷത്തിന്റേത് നിഷേധാത്മക സമീപനമാണ്. എല്ലാ വികസന പദ്ധതികൾക്കും എതിരാണ് അവർ. കേരളത്തിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ കേരളീയം പരിപാടിയും കേരളത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾ അടക്കം ചർച്ച ചെയ്യുന്ന നവകേരള സദസും പ്രതിപക്ഷം ബഹിഷ്കരിച്ചു.
ഐക്യ ജനാധിപത്യ മുന്നണി എന്നതിന് പകരം ബഹിഷ്കരണ മുന്നണി എന്നതാണ് നല്ലത്. നവകേരള സദസിന്റെ വിജയം കോൺഗ്രസ് നേതാക്കളുടെ മനോനില തെറ്റിച്ചിരിക്കുന്നു -മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.