ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം കേരളമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ‘അനുഭവ സദസ്സ് 2.0’ ദേശീയ ശില്‍പശാല ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ 2.5 ലക്ഷം ആളുകള്‍ക്കാണ് പ്രതിവര്‍ഷം സൗജന്യ ചികിത്സ നല്‍കിയതെങ്കില്‍ 2024ല്‍ 6.5 ലക്ഷം പേർക്ക് സൗജന്യ ചികിത്സ നല്‍കി. കേരളത്തിന്റെ ഈ നേട്ടം മറ്റു സംസ്ഥാനങ്ങളുമായി പങ്കുവെക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കാനുമാണ് ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നത്.

കേരളത്തെയും മറ്റ് സംസ്ഥാനങ്ങളെയും യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് കൈവരിക്കുന്നതിലേക്ക് അടുപ്പിക്കാന്‍ ഇവിടത്തെ ചര്‍ച്ചകള്‍ സഹായിക്കും. കേരളത്തിലെ ആദ്യത്തെ മാസ് ഹെല്‍ത്ത് ഫിനാന്‍സിംഗ് പ്രോഗ്രാം 2008-ല്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് ആവിഷ്‌ക്കരിച്ചത്. തുടര്‍ന്ന് കേന്ദ്ര പിന്തുണയുള്ള കുടുംബങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ ബി.പി.എല്‍ പട്ടികക്ക് കീഴിലുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തി അത് വിപുലീകരിച്ചു. കൂടാതെ കാന്‍സര്‍, ട്രോമ സേവനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുന്നതിനും പാക്കേജ് വിപുലീകരിച്ചു.

തുടര്‍ന്നാണ് അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന കാസ്പ് പദ്ധതി നടപ്പിലാക്കിയത്. നിലവില്‍ കാസ്പിന് കീഴിലുള്ള 42 ലക്ഷം ഗുണഭോക്താക്കളില്‍ 20 ലക്ഷത്തിലധികം പേര്‍ക്കും പൂര്‍ണമായും സംസ്ഥാനമാണ് ധനസഹായം നല്‍കുന്നത്. വിവിധ സൗജന്യ ചികിത്സകള്‍ക്കായി പ്രതിവര്‍ഷം 1600 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നത് 150 കോടി രൂപ മാത്രമാണ്.

മൊത്തം ചെലവിന്റെ 10 ശതമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ സ്വാഗതം പറഞ്ഞു. പ്ലാനിംഗ് ബോര്‍ഡ് വിദഗ്ദ അംഗം ഡോ. പി.കെ. ജമീല, നാഷനല്‍ ഹെല്‍ത്ത് അതോറിറ്റി അഡീഷനല്‍ സി.ഇ.ഒ കിരണ്‍ ഗോപാല്‍ വസ്‌ക, എൻ.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോയന്റ് ഡയറക്ടര്‍ ഡോ. ഇ. ബിജോയ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Minister Veena George said Kerala is the state that provided the most free treatment in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.