ഒമിക്രോണിനെ നേരിടാൻ കേരളം സജ്ജമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: കൊറോണ വൈറിസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ ഭീഷണി നേരിടാൻ കേരളം സജ്ജമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർ പോസിറ്റീവ് ആണെങ്കിൽ അവരെ ഐസ്വലേറ്റഡ് വാർഡിൽ പ്രവേശിപ്പിക്കണമെന്നാണ് നിർദേശം. ഇതുപ്രകാരം ആശുപത്രികളിൽ ചികിത്സ നൽകും. മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർ നെഗറ്റീവ് ആണെങ്കിൽ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

ഒമിക്രോൺ വകഭേദം അതിതീവ്രവ്യാപന ശേഷിയുള്ള വൈറസ് ആണ്. ഡെൽറ്റ വകഭേദത്തിന്‍റെ അഞ്ചിരട്ടിയാണ് ഒമിക്രോണിന്‍റെ വ്യാപനശേഷി. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരിൽ ഒമിക്രോണിന്‍റെ വ്യാപനശേഷി കുറവാണെന്നാണ് വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. കോവിഡ് വാക്സിൻ വലിയ പ്രതിരോധം നൽകുന്നുണ്ട്. രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവർ ഉടൻ കുത്തിവെപ്പ് എടുക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

26 രാജ്യങ്ങൾ ഹൈറിസ്ക് പട്ടികയിലുണ്ട്. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ എണ്ണം ശേഖരിക്കുകയാണ്. വിവിധ വകുപ്പുകളുടെ ഏകോപനം വഴിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. വിദേശത്ത് എത്തുന്നവർക്ക് കോവിഡ് മാനദണ്ഡ പ്രകാരമുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റും ഏഴു ദിവസത്തെ ക്വാറന്‍റൈനും വേണം. എട്ടാമത്തെ ദിവസത്തെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് ശേഷം സ്വയംനിരീക്ഷണത്തിൽ കഴിയണം.

മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ രണ്ട് ശതമാനം ആളുകളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്നാണ് കേന്ദ്ര മാർഗനിർദേശം. ഇതുപ്രകാരം നടത്തുന്ന ടെസ്റ്റിന്‍റെ ഫലം നെഗറ്റീവ് ആണെങ്കിൽ സ്വയംനിരീക്ഷണത്തിൽ പോകണം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Minister Veena George says Kerala is ready to face Omicron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.