മന്ത്രിയുടെ ശബരിമല റോഡ് സന്ദര്‍ശനം ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: ശബരിമല റോഡുകളുടെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ സന്ദര്‍ശനം ബുധനാഴ്ച ആരംഭിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് വരുന്ന കൊല്ലം , പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രധാന റോഡുകളിലാണ് മന്ത്രിയും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം നേരിട്ട് പരിശോധനക്ക് എത്തുന്നത്. റോഡുകളുടെ നിലവിലെ അവസ്ഥ, പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ പുരോഗതി തുടങ്ങിയവ സംഘം പരിശോധിക്കും.

ബുധനാഴ്ച ഉച്ചയോടെ കൊല്ലം ജില്ലയില്‍ നിന്നാണ് പരിശോധന ആരംഭിക്കുക. ബുധനാഴ്ച തന്നെ കോന്നി, റാന്നി മണ്ഡലങ്ങളിലെ റോഡ് പരിശോധനയും നടക്കും. വ്യാഴാഴ്ച എരുമേലി, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍ , തിരുവല്ല , അടൂര്‍, ആറന്മുള എന്നീ മണ്ഡലങ്ങളിലും മന്ത്രി എത്തും. തുടര്‍ന്ന് പത്തനംതിട്ടയില്‍ അവലോകന യോഗവും ചേരുന്നുണ്ട്.

നേരത്തെ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗം റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിച്ച് നല്‍കിയിരുന്നു. ആ സമയക്രമത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയായോ എന്നതടക്കമുള്ള പരിശോധന നടക്കും. കോന്നി, റാന്നി, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തി ഉദ്ഘാടനവും , പൂര്‍ത്തീകരണ ഉദ്ഘാടനവും ഇതിന്‍റെ ഭാഗമായി നടക്കും. നവീകരിച്ച എരുമേലി റസ്റ്റ് ഹൗസിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

Tags:    
News Summary - Minister's visit to Sabarimala road from Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.