കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച കോടതിവിധിയെച്ചൊല്ലി ചർച്ചകൾ തുടരവെ കഴിഞ്ഞ 10 വർഷത്തെ ബജറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നീക്കിവെച്ചതും വിനിയോഗിച്ചതുമായ തുക സംബന്ധിച്ച വിവരങ്ങൾ പുറത്ത്. വകയിരുത്തിയ 949 കോടിയിൽ 383 കോടിയോളം പാഴാക്കിയതായാണ് കണക്ക്. ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയുടെ അനുബന്ധമായാണ് 2011 മുതൽ 2021 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ ന്യൂനപക്ഷ ക്ഷേമത്തിന് നീക്കിവെച്ച തുകയുടെ വിവരങ്ങൾ ലഭ്യമായത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപവത്കരിച്ച 2011-2012 കാലത്ത് എൽ.ഡി.എഫ് സർക്കാർ വകയിരുത്തിയ 19 കോടിയോളം രൂപ ഏതാണ്ട് പൂർണമായി വിനിയോഗിച്ചു. പിന്നീട് അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ ഫണ്ട് വിഹിതം ഗണ്യമായി വർധിപ്പിച്ച് 84 കോടിയോളമാക്കിയെങ്കിലും ചെലവഴിച്ചത് രണ്ടു കോടി മാത്രം. തൊട്ടടുത്ത വർഷങ്ങളിൽ 103 കോടി, 130 കോടി എന്നിങ്ങനെ ബജറ്റിൽ വകയിരുത്തി. എന്നാൽ, 54 കോടി , 104 കോടി എന്നിങ്ങനെയാണ് വിനിയോഗിക്കാതിരുന്നത്. 2015 -16 ൽ 92 കോടി വകയിരുത്തിയതിൽ 88 കോടി ചെലവഴിച്ചു എന്നും നിയമസഭാ രേഖ പറയുന്നു. 2012 -16 ൽ 516 കോടി വകയിരുത്തിയതിൽ 258 കോടി വിനിയോഗിച്ചില്ല.
പിന്നീട് വന്ന പിണറായി സർക്കാറിെൻറ ആദ്യ രണ്ടു വർഷവും താരതമ്യേന സ്ഥായിയായ തുക വകയിരുത്തിയെങ്കിലും മുഴുവനായും ഉപയോഗിക്കാനായില്ല. 2017 -18 ൽ 99 കോടി വകയിരുത്തി. 82 കോടി വിനിയോഗിച്ചു. 2018 -19 ൽ 110 കോടിയോളം രൂപ അനുവദിച്ചതിൽ 73 കോടിയാണ് വിനിയോഗിച്ചത്. എന്നാൽ, പിന്നീടുള്ള രണ്ടു സാമ്പത്തിക വർഷങ്ങളിലും ( 2019 -20 , 20 -21) വകുപ്പിെൻറ ഫണ്ട് കുത്തനെ കുറച്ചു. അനുവദിച്ചതിെൻറ പകുതിപോലും വിനിയോഗിച്ചില്ല.
2019-20ൽ 63 കോടിയാണ് നീക്കിവെച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 47 കോടി കുറവ്. ഇതിൽ വിനിയോഗിച്ചത് 24 കോടി മാത്രം. ഏതാണ്ട് 39 കോടി പാഴായി. 2020-21 ൽ 52 കോടിയാണ് അനുവദിച്ചത്. 32 കോടിയാണ് ചെലവഴിച്ചത്.
2017-21 വരെയുള്ള കാലഘട്ടത്തിൽ 325 കോടിയോളം അനുവദിച്ചപ്പോൾ 112 കോടിയോളം പാഴായി. ഒപ്പം 2018-21 ൽ ന്യൂനപക്ഷ ക്ഷേമത്തിന് അനുവദിച്ച തുകയുടെ പകുതി മാത്രമേ ചെലവഴിച്ചിട്ടുള്ളൂ .
മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച്, കർണാടകത്തിൽ ന്യൂനപക്ഷ വകുപ്പ് ഫണ്ട് 1700 കോടിയായി വർധിപ്പിച്ച സമയത്താണ് കേരളത്തിൽ വെട്ടിക്കുറച്ചത്. ഓഖി, രണ്ടു പ്രളയം, കോവിഡ് തുടങ്ങിയവയെല്ലാം ഫണ്ട് കുറച്ചതിനു ന്യായമായി ഉയർത്താമെങ്കിലും വകയിരുത്തിയതിൽ മൂന്നിലൊന്ന് പാഴായതിന് ഉത്തരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.