തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള മന്ത്രി സഭാ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ്. മുസ്‌ലിം വിഭാഗത്തിനുള്ള ആനുകൂല്യങ്ങൾ സർക്കാർ റദ്ദാക്കിയെന്നും മുസ്ലീം ലീഗ് ദേശിയ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി.
സച്ചാർ കമീഷൻ റിപ്പോർട്ട് അടിസ്ഥാനത്തിൽ മുസ്‌ലിം വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കി. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്.സച്ചാർ കമ്മിറ്റിയെക്കാൾ കൂടൂതൽ ആനുകൂല്യം നൽകാനാണ് ഞങ്ങൾ പാലൊളി കമ്മിറ്റി കൊണ്ട് വന്നതെന്ന് പറഞ്ഞ ഇടതു സർക്കാർ തന്നെ അതിനെ 80:20 ആക്കി മാറ്റി. എന്നിട്ട് അവർ തന്നെ ഒരു വിഭാഗത്തിന് 80 ലഭിക്കുന്നു മറ്റൊരു വിഭാഗത്തിന് 20 മാത്രമെയുള്ളുവെന്ന ചർച്ചയുമുണ്ടാക്കി.
സച്ചാർ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ച് മുസ്ലീംകൾക്ക് ആനുകൂല്യം കൊടുക്കുകയും മറ്റ് ന്യൂനപക്ഷങ്ങൾക്ക് ജനസംഖ്യാനുപാതികമായി വേറൊരു സ്കീം കൊണ്ടുവരികയാണ് വേണ്ടത്. അതിന് പകരം വെറുതെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പ് അനുപാതം ഹൈകോടതി വിധിയനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം പുന:ക്രമീകരിക്കാൻ മന്ത്രി സഭ തീരുമാനിച്ചു. നിലവിലെ 80:20 ഹൈകോടതി അനുപാതം ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ പുതിയ തീരുമാനമെടുത്തത്.
ഹൈകോടതി വിധിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശം ഉയർന്നിരുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നടപ്പാക്കണമെന്നായിരുന്നു മുസ്‌ലിം സംഘടനകളുടെ ആവശ്യം.
മുസ്‌ലിം ന്യൂനപക്ഷത്തിന് ലഭിക്കേണ്ട സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പൂർണമായും ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, വ്യത്യസ്ത വിഭാഗങ്ങൾക്ക് സംസ്ഥാനം നൽകിയ ആനുകൂല്യങ്ങപറ്റിയുള്ള ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും മുസ്‌ലിം സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് നടപടി.അതേസമയം ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം റദ്ദാക്കിയ നടപടിയെ യാക്കോബായ സുറിയാനി സഭ സ്വാഗതം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.