ബിരിയാണി തിന്നാൽ കുട്ടികളുണ്ടാവില്ലെന്നതാണ് സംഘ്പരിവാർ ഗ്രൂപ്പുകളുടെ ഏറ്റവും ഒടുവിലത്തെ പ്രചാരണം. തമിഴ്നാട്ടിൽ വ്യാപകമായി ബിരിയാണി വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ ഹിന്ദുത്വ സംഘടനകൾ ഈ പ്രചാരണം അഴിച്ചുവിടുന്നുമുണ്ട്.
സംഘ്പരിവാർ പ്രചാരണത്തെ പരിഹസിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി സംഘ്പരിവാറിനെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും ട്രോളിയിരിക്കുന്നത്. ബിരിയണി കഴിച്ചാൽ വന്ധ്യതയുണ്ടാകുമെന്ന സംഘ്പരിവാർ പ്രചാരണ വാർത്തക്കൊപ്പം 'അപ്പോൾ ഉള്ളിക്കറി തിന്നാലോ' എന്ന ചോദ്യമാണ് മന്ത്രി ഉയർത്തുന്നത്. ഇത്തരം പ്രചാരണത്തെ പ്രതിരോധിക്കാൻ ഇന്നുച്ചക്ക് കഴിക്കാൻ ബിരിയാണിയാവാം എന്നും ഫേസ്ബുക്കിൽ കുറിച്ചു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ബീഫ് കഴിക്കുന്നുവെന്ന പേരിൽ ചിത്രം പ്രചരിച്ചിരുന്നു. എന്നാൽ താൻ കഴിച്ചത് ബീഫല്ല, ഉള്ളിക്കറിയാണെന്ന് പറഞ്ഞുകൊണ്ടാണ് അന്ന് അദ്ദേഹം അതിനെ പ്രതിരോധിച്ചത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. ഇതും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ ട്രോൾ. ഇതിന് വൻ പ്രതികരണമാണ് ഫേസ്ബുക്ക് ഉപയോക്താക്കളിൽനിന്നും ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.