തിരുവനന്തപുരം: സ്പെഷലുകൾ പ്രഖ്യാപിച്ചെങ്കിലും ഓണം കഴിഞ്ഞുള്ള തിരക്കിൽ ട്രെയിനുകളിൽ ദുരിതയാത്ര. ജനറൽ കമ്പാർട്ടുമെന്റുകളിൽ നിന്നുതിരിയാൻ ഇടമില്ലാതെ കുത്തിനിറച്ചാണ് പല ട്രെയിനുകളും ഓടുന്നത്. സ്പെഷൽ ട്രെയിനുകളിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചുയടൻ തന്നെ തീർന്നു. സ്ഥിരം ട്രെയിനുകളിലാകട്ടെ കാലുകുത്താൻ കഴിയാത്ത സ്ഥിതിയും. വെയിറ്റിങ് ലിസ്റ്റിൽ അവസാനം വരെ പ്രതീക്ഷയർപ്പിച്ചവരും ഒടുവിൽ സീറ്റില്ലാതെ ജനറൽ കമ്പാർട്ടുമെന്റുകളെ ആശ്രയിക്കാൻ നിർബന്ധിതമാവുകയാണ്. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കോഴിക്കോട് ജനശതാബ്ദിയിൽ സെക്കന്റ് സിറ്റിങ്ങിലെ വെയിറ്റിങ് ലിസ്റ്റ് 200 ആണ്. അന്നേ ദിവസത്തെ മംഗളൂരു എക്സ്പ്രസിൽ സ്ലീപ്പർകോച്ചിലെ വെയിറ്റിങ് ലിസ്റ്റ് 253 ആയി. പരശുറാമിൽ 242ഉം.
ഓണത്തിരക്ക് മുൻകൂട്ടിക്കണ്ട് മതിയായ സ്പെഷലുകൾ അനുവദിക്കാൻ റെയിൽവേ തയാറാകാത്തതാണ് ദുരിതത്തിന് കാരണം. മംഗളൂരു-കൊല്ലം, എറണാകുളം-ബംഗളൂരു, കൊല്ലം-താമ്പരം റൂട്ടുകളിലായി ആകെ 13 സ്പെഷൽ ട്രെയിനുകളാണ് ഇക്കുറിയുള്ളത്. കൂടുതൽ സ്പെഷലുകൾ അനുവദിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും റെയിൽവേ പരിഗണിച്ചില്ല.
ഹ്രസ്വദൂര യാത്രയും കടുത്ത ദുരിതത്തിലാണ്. ജനറൽ കമ്പാർട്ടുമെന്റുകളിലേക്ക് അടുക്കാൻ പോലുമാകില്ല. കെ.എസ്.ആർ.ടി.സി ബസുകളിലും സ്ഥിതി വ്യത്യസ്തമല്ല. ദീർഘദൂര ബസുകളെല്ലാം നിറഞ്ഞുകവിഞ്ഞാണ് ഓടുന്നത്. സ്വകാര്യബസുകൾ തിരക്ക് മുന്നിൽ കണ്ട് മൂന്നിരട്ടിയിലേറെയാണ് നിരക്ക് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.