തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം:ഏരിയൽ ലിക്വിഡ് ഡിറ്റർജന്‍റ് നിർമാതാക്കൾക്ക് ഒരുലക്ഷം പിഴ

കോട്ടയം: രണ്ടുലിറ്റർ ലിക്വിഡ് ഡിറ്റർജെന്‍റിന്‍റെ വിലയ്ക്ക് രണ്ടരലിറ്റർ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച പരസ്യംനൽകി വിൽപന നടത്തിയെന്ന പരാതിയിൽ ജില്ല ഉപഭോക്തൃകാര്യ തർക്കപരിഹാര കമീഷൻ ഏരിയൽ ലിക്വിഡ് ഡിറ്റർജെന്‍റിന്‍റെ നിർമാതാക്കളായ പ്രോക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്‌സിന് ഒരു ലക്ഷംരൂപ പിഴയിട്ടു. കോട്ടയം സ്വദേശിയായ അഡ്വ.ആർ. രാഹുലിന്‍റെ പരാതിയിലാണ് നടപടി. 2.5 ലിറ്റർ ഏരിയൽ ഫ്രണ്ട് ലോഡ് മാറ്റിക് ലിക്വിഡ് ഡിറ്റർജെന്‍റ് 605 രൂപക്കാണ് ഹോമിലി സ്‌മാർട്ട് എന്ന കടയിൽനിന്ന് രാഹുൽ കഴിഞ്ഞ സെപ്റ്റംബർ 17ന് വാങ്ങിയത്.

രണ്ടുലിറ്റർ ബോട്ടിലിൽ പരമാവധി വിൽപന വില 604 രൂപയായും ഒരുലിറ്ററിന് 302.50 രൂപയാണെന്നും പ്രിന്‍റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം അതേ കടയിൽനിന്ന് ഇതേ ഉൽപന്നത്തിന്‍റെ ഒരു ലിറ്റർ 250 രൂപക്ക് വാങ്ങി. ഇതോടെ തെറ്റിദ്ധരിപ്പിച്ച് ഏരിയൽ ഡിറ്റർജന്‍റ് നിർമാതാക്കൾ ഉപഭോക്താക്കളിൽനിന്ന് വൻതുക അനധികൃതമായി സമ്പാദിക്കുന്നതായി ആരോപിച്ച് രാഹുൽ ഉപഭോക്തൃ തർക്കപരിഹാര കമീഷനെ സമീപിക്കുകയായിരുന്നു. കമീഷൻ നടത്തിയ പരിശോധനയിൽ ഒരേ ഗുണനിലവാരവും തൂക്കവും നിറവുമുള്ള ഉൽപന്നം വ്യത്യസ്തമായ പരമാവധി വിലക്ക് പ്രോക്ടർ ആൻഡ് ഗാമ്പിൾ വിൽപന നടത്തിയതായും ഇരട്ടവില നിർണയം എന്ന നിയമലംഘനം നടത്തിയതായും കണ്ടെത്തി.

ഒരു ലിറ്ററിന് 250 രൂപക്ക് വിൽക്കുന്ന ഉൽപന്നം രണ്ടുലിറ്റർ 605 രൂപക്ക് വാങ്ങുമ്പോൾ 500 മില്ലിലിറ്റർ സൗജന്യമായി ലഭിക്കുമെന്ന് ബോട്ടിലിൽ പ്രിന്‍റ് ചെയ്ത് വിൽപന നടത്തിയതിലൂടെ വൻതുക പൊതുജനത്തിൽനിന്ന് അന്യായമായി നേടിയെടുത്തതായും കമീഷൻ കണ്ടെത്തി.

തുടർന്ന് പ്രോക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്‌സ് ഒരുലക്ഷം രൂപ പിഴയായി സംസ്ഥാന കൺസ്യൂമർ വെൽഫെയർ ഫണ്ടിൽ അടക്കാൻ അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്‍റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്‍റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവായത്.

ഹരജിക്കാരനായ രാഹുലിന് അധികമായി ഈടാക്കിയ 105 രൂപ ഒമ്പത് ശതമാനം പലിശസഹിതവും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 2000 രൂപയും നൽകാനും ഉത്തരവായി. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്നതിൽനിന്ന് പ്രോക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്‌സിനെ കമീഷൻ വിലക്കി.

Tags:    
News Summary - Misleading advertisement: Aerial liquid detergent makers fined Rs 1 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.