പെരിന്തൽമണ്ണയിൽ ബാലറ്റ് പെട്ടി കാണാതായത് ഗുരുതര വിഷയം; ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ലെന്നും ഹൈകോടതി

കൊച്ചി: പെരിന്തൽമണ്ണയിൽ ബാലറ്റ് പെട്ടി കാണാതായത് ഗുരുതര വിഷയമെന്ന് ഹൈകോടതി. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ബാലറ്റുകൾ കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കും.

നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ ഇടത് സ്ഥാനാർഥി കെ.പി.എം. മുസ്തഫ നൽകിയ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ, തെരഞ്ഞെടുപ്പ് കമീഷനോ അന്വേഷിക്കണമെന്ന് നജീബ് കാന്തപുരം ആവശ്യപ്പെട്ടു. കേസിൽ തെരഞ്ഞെടുപ്പ് കമീഷനെ ഹൈകോടതി കക്ഷി ചേർത്തു.

കേസ് ജനുവരി 30ന് വീണ്ടും പരിഗണിക്കും. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന 348 സ്‌പെഷൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികളാണ് കഴിഞ്ഞ ദിവസം കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ജില്ല സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫിസിൽ പെട്ടി കണ്ടെത്തി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബാലറ്റുകളും ട്രഷറിയിലാണ് സൂക്ഷിച്ചത്.

ഇത് മലപ്പുറം സഹകരണ രജിസ്ട്രാർ ഓഫിസിലേക്ക് മാറ്റിയപ്പോൾ നിയമസഭ മണ്ഡലത്തിലെ സ്‌പെഷൽ തപാൽ വോട്ടുകളുടെ ഒരുപെട്ടിയും കൂട്ടത്തിൽ ഉൾപ്പെട്ടുപോയെന്നാണ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം.

Tags:    
News Summary - Missing ballot box in Perinthalmanna is a serious matter -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.