പെരിന്തൽമണ്ണ: ഹൈകോടതി മുമ്പാകെയുള്ള പെരിന്തൽമണ്ണ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസിൽ നിർണായക തെളിവായ തപാൽവോട്ടുകളടങ്ങിയ പെട്ടി നഷ്ടപ്പെട്ട സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ പെരിന്തൽമണ്ണ സബ് കലക്ടർ തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നൽകി. ഇതോടൊപ്പം പൊലീസ് അന്വേഷണവും ആവശ്യപ്പെട്ടതായി സബ് കലക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു. തിങ്കളാഴ്ച പ്രാഥമികാന്വേഷണ റിപ്പോർട്ട് കമീഷന് കൈമാറി. തദ്ദേശ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ ബ്ലോക്കിന്റെ വരണാധികാരി സഹകരണ ജോയന്റ് രജിസ്ട്രാറായിരുന്നെന്നും ആ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ നിശ്ചിത കാലപരിധി കഴിഞ്ഞ് നശിപ്പിക്കാൻ സബ് ട്രഷറി സ്ട്രോങ് റൂമിൽനിന്ന് വിട്ടുനൽകിയപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുപെട്ടിയാണ് കൊണ്ടുപോയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
സബ് ട്രഷറി ഓഫിസർ, ട്രഷറർ എന്നിവരുടെ സംയുക്ത ചുമതലയിലാണ് സ്ട്രോങ് റൂമിലെ വസ്തുക്കൾ. ഈ ഓഫിസിലുള്ളവർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് സബ്കലക്ടർ യു.ഡി.എഫ് സ്ഥാനാർഥിയും ഇപ്പോൾ എം.എൽ.എയുമായ നജീബ് കാന്തപുരത്തിന്റെ ചീഫ് ഇലക്ഷൻ ഏജന്റിനോട് വിശദീകരിച്ചു. കണ്ടെത്തിയ പെട്ടി തുറന്ന നിലയിലായിരുന്നെന്നും അതിലെ കവറുകൾ സീൽ ചെയ്ത നിലയിലായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, ഈ വിവരങ്ങൾ രേഖാമൂലം നൽകാനോ കമീഷന് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് നൽകാനോ അവർ സന്നദ്ധയായില്ല. റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകും. പെട്ടിയിലുള്ള ലിസ്റ്റ് പ്രകാരം ആറ് രേഖകളാണുണ്ടായിരുന്നത്. അവ മുഴുവൻ അതിലുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും സബ് കലക്ടർ വിശദീകരിച്ചു. ട്രഷറി ഓഫിസിലെ സ്ട്രോങ് റൂമിൽ സൂക്ഷിക്കേണ്ട വോട്ടുപെട്ടി മറ്റൊരിടത്തുനിന്ന് കണ്ടെത്തി അത് സീൽ ചെയ്ത നിലയിൽ കൊണ്ടുവന്നത് ഗുരുതര വീഴ്ചയാണെന്നും ബാലറ്റുകൾ മാറ്റി പകരം വെച്ചിരിക്കാനുള്ള സാധ്യതയേറെയാണെന്നും ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യങ്ങൾ പെട്ടിയിലെ രേഖകൾ കോടതി പരിശോധിക്കുമ്പോൾ വ്യക്തമാവുമെന്ന് സബ്കലക്ടർ പറഞ്ഞു.
പെരിന്തല്‍മണ്ണ: സബ്ട്രഷറിയില്‍ സൂക്ഷിച്ച തപാല്‍ വോട്ടുകളടങ്ങുന്ന പെട്ടി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസറുടെയും ജീവനക്കാരുടെയും വീഴ്ച കണ്ടെത്താൻ വകുപ്പുതല അന്വേഷണം തുടങ്ങി. ട്രഷറി വകുപ്പ് മധ്യമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. സുരേഷ് പെരിന്തല്‍മണ്ണ സബ്ട്രഷറിയില്‍ എത്തി ബന്ധപ്പെട്ടവരുടെ മൊഴിയെടുത്തു. ജില്ല ട്രഷറി ഓഫിസര്‍ കെ.ജി. പ്രവീണും സ്ഥലത്തെത്തിയിരുന്നു. രേഖകളും മറ്റും പരിശോധിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ സബ്ട്രഷറി ഓഫിസര്‍ എന്‍. സതീഷ്കുമാര്‍ അടക്കമുള്ളവരോട് വിവരങ്ങള്‍ ആരാഞ്ഞു.
ഡയറക്ടര്‍ക്ക് വിശദമായ റിപ്പോർട്ട് നൽകും. സ്ട്രോങ് റൂമിൽ സൂക്ഷിച്ച തെരഞ്ഞെടുപ്പ് സാമഗ്രികൾ വിട്ടുനൽകുന്നതിൽ പാലിക്കേണ്ട പ്രാഥമിക നടപടികൾ പാലിച്ചില്ലെന്ന് തെളിവെടുപ്പിൽ കണ്ടെത്തി. സബ്ട്രഷറിയിൽനിന്ന് ജില്ല ട്രഷറി ഓഫിസര്‍ക്കും അവിടെനിന്ന് ഡയറക്ടർക്കും തിങ്കളാഴ്ച തന്നെ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ അക്കൗണ്ടന്റുമാരായ പി.ടി. ശ്രീനിവാസന്, സനല്‍, ജില്ല ട്രഷറിയിലെ അക്കൗണ്ടന്റുമാരായ ഇ. സന്തോഷ്, എന്‍. മനോജ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പെരിന്തൽമണ്ണ: നാമമാത്ര വോട്ടുകൾക്ക് പരാജയപ്പെടുകയും 348 സ്പെഷൽ തപാൽ വോട്ടുകൾ അസാധുവാക്കി റിട്ടേണിങ് ഓഫിസർ പ്രഖ്യാപിക്കുകയും ചെയ്തതോടെ മുഴുവൻ തപാൽ വോട്ടും സുരക്ഷിതമാക്കി സൂക്ഷിക്കണമെന്ന് ഫലപ്രഖ്യാപനം നടന്ന് നാലുമാസം കഴിഞ്ഞപ്പോൾ തന്നെ താൻ ആവശ്യപ്പെട്ടിരുന്നതായി ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കെ.പി.എം. മുസ്തഫ പറഞ്ഞു. ഫലപ്രഖ്യാപനം 2021 മേയ് രണ്ടിന് വന്ന ശേഷം വോട്ടുകൾക്ക് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ആദ്യ ഹരജി നൽകിയത് 2021 സെപ്റ്റംബർ ആറിനാണ്.
വോട്ടുപെട്ടി കാണാതായതോടെ എന്ത് കൃത്രിമം നടന്നിട്ടുണ്ടെങ്കിലും നഷ്ടം തനിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിജയിച്ച സ്ഥാനാർഥിയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതാണെന്ന് 2022 നവംബർ 11ന് ഹൈകോടതി ഉത്തരവിട്ട ശേഷം വീണ്ടും ഹരജി നൽകി മുഴുവൻ തപാൽ വോട്ടും അനുബന്ധ രേഖകളും ഹൈകോടതിയുടെ ചുമതലയിൽ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടു. തുടർന്നാണ് രജിസ്ട്രാറുടെ ഉത്തരവിൽ വോട്ടുപെട്ടി മാറ്റാൻ കലക്ടർക്ക് നോട്ടീസ് ലഭിച്ചത്. ഹൈകോടതിയിൽ നിലനിൽക്കുന്ന കേസിൽ നിർണായക തെളിവാണ് ട്രഷറിയിൽ സൂക്ഷിച്ച തപാൽവോട്ടുകളെന്നും പെട്ടി പൊട്ടിച്ചിട്ടുണ്ടെങ്കിലും അതിലെ കവറുകളുടെ സീൽ പൊട്ടിച്ചിട്ടില്ലെന്നാണ് അറിഞ്ഞതെന്നും മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.