തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഫോട്ടോകൾ കോടതിമുറിയിൽനിന്ന് 'അപ്രത്യക്ഷ'മായതിനെ തുടർന്ന് വിചാരണ നിർത്തിവെച്ച് കോടതി. ഒടുവിൽ ജീവനക്കാരും അഭിഭാഷകരും സ്പെഷൽ പ്രോസിക്യൂട്ടറും പൊലീസുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കേസ് ഫയലുകൾക്കിടയിൽനിന്ന് നിർണായ തെളിവായ ഫോട്ടോകൾ കണ്ടെത്തി.
വിദേശ വനിതയുടെ മൃതദേഹവും കണ്ടെത്തിയ പരിസരവും അടങ്ങിയ 21 ഫോട്ടോകളാണ് വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയിൽനിന്ന് കാണാതായത്. കേസ് ആദ്യം അന്വേഷിച്ച തിരുവല്ലം സി.ഐ ശിവകുമാർ തിരിച്ചറിയേണ്ട ഫോട്ടോകളായിരുന്നു ഇവ. ഫോട്ടോ കോടതി മുറിയിൽനിന്ന് നഷ്ടമായെന്ന് ജീവനക്കാർ അറിയിച്ചതോടെ ജഡ്ജി ബാലകൃഷ്ണൻ വിചാരണ നടപടികൾ നിർത്തി. ജീവനക്കാരോട് ഫോട്ടോ അന്വേഷിച്ച് കണ്ടെത്താനും നിർദേശിച്ചു.
ഇവർക്ക് കണ്ടെത്താനാകാതെ വന്നതോടെ കോടതി മുറിയിലുണ്ടായിരുന്ന മറ്റുള്ളവരോടും ഫോട്ടോ അന്വേഷിച്ച് കണ്ടെത്താൻ കോടതി വാക്കാൽ നിർദേശിക്കുകയായിരുന്നു. കൂട്ടത്തിരച്ചിലിനൊടുവിലാണ് 45 മിനിറ്റിന് ശേഷം കേസ് ഫയലുകൾക്കിടയിൽനിന്ന് 21 ഫോട്ടോയും കിട്ടിയത്. ഇതിനുശേഷമാണ് വിചാരണ നടപടികൾ ആരംഭിച്ചത്.
കേസിന്‍റെ മൂന്നാംഘട്ട വിചാരണയാണ് നടക്കുന്നത്. 2018 മാർച്ച് 14ന് കോവളത്തുനിന്ന് യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയി ലഹരിവസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.