കൊച്ചി: കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാറിെൻറ ഭാര്യക്ക് സർവിസ് സഹകരണ ബാങ്കിൽ പ്യൂണായി നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട് സഹകരണ നിയമപ്രകാരമുള്ള അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. പത്തനംതിട്ട സീതത്തോട് ബാങ്കിലെ ക്രമക്കേടുകൾ വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടിൽ തുടർനടപടി ആവശ്യപ്പെട്ട് ഭരണസമിതിയംഗം സി.കെ. പുരുഷോത്തമൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സതീശ് നൈനാെൻറ ഉത്തരവ്.
വീഴ്ചവരുത്തിയ അന്നത്തെ ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് ഡെപ്യൂട്ടി രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ നൈറ്റ് വാച്ച്മാനെ നിയമിച്ചത് അംഗീകൃത സ്റ്റാഫ് പാറ്റേൺ അനുസരിച്ചല്ലെന്നും എം.എൽ.എയുടെ ഭാര്യക്ക് നിയമനം നൽകിയത് ചട്ടവും സർക്കാർ നിർദേശവും പാലിക്കാതെയാണെന്നും ഹരജിയിൽ പറയുന്നു. നീതി സ്റ്റോറിലെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്നും സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
കമ്പ്യൂട്ടറിൽ നടത്തിയ തിരിമറികൾ വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കണമെന്നും വ്യക്തമാക്കിയിരുന്നു.തുടർന്ന് ജോ. രജിസ്ട്രാർ അന്വേഷണ ഉത്തരവിട്ടെങ്കിലും എം.എൽ.എയുടെ ഭാര്യക്ക് നിയമനം നൽകിയത് അന്വേഷണ പരിധിയിൽനിന്ന് ഒഴിവാക്കി.
ക്രമക്കേടുകളിൽ മുൻ സെക്രട്ടറിക്കും നിലവിലെ സെക്രട്ടറിക്കുമുണ്ടായിരുന്ന ഉത്തരവാദിത്തവും ഭരണസമിതിയുടെ വീഴ്ചയും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല. നിലവിലെ സെക്രട്ടറിക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. പ്യൂൺ നിയമനവുമായി ബന്ധപ്പെട്ട് 2018ൽ അന്വേഷിച്ചതാണെന്നും വീണ്ടും അന്വേഷണം ആവശ്യമില്ലെന്നുമാണ് ജോയന്റ് രജിസ്ട്രാർ മറുപടി നൽകിയത്. അന്വേഷണ റിപ്പോർട്ടോ നടപടികളോ സംബന്ധിച്ച് സർക്കാർ വിശദീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തുടർന്നാണ് പ്യൂൺ നിയമനത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.