തിരുവനന്തപുരം: അണക്കെട്ടുകൾ ഒന്നിച്ച് തുറന്നതല്ല പ്രളയമുണ്ടാകാൻ കാരണമെന്ന് ആവർത്തിച്ച് മന്ത്രിമാരായ എം.എം. മണിയും മാത്യു ടി.തോമസും. അണക്കെട്ട് തുറന്നതിൽ വീഴ്ചയില്ലെന്ന് കേന്ദ്ര ജല കമീഷൻ പഠന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. പരമാവധി നിയന്ത്രിച്ചാണ് വെള്ളം പുറത്തേക്ക് ഒഴുക്കിയത് എന്നും കനത്ത മഴയെ തുടർന്ന് ഒഴുകിയെത്തിയ വെള്ളമാണ് പ്രളയത്തിന് കാരണമെന്നുമാണ് റിപ്പോർട്ട് പറയുന്നതെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കാലാവസ്ഥ പ്രവചനമാണ് തെറ്റിയത്. കൃത്യമായ പ്രവചനമുണ്ടായിരുന്നെങ്കിൽ പ്രളയം ചെറുക്കാമായിരുന്നു. റെഡ് അലർെട്ടന്നാൽ മഴ പെയ്യുമെന്നാണ്, അതിതീവ്രമഴയെന്നല്ല. അണക്കെട്ടുകൾ ഒന്നിച്ചല്ല തുറന്നത്. ഒാരോന്നിെൻറയും സംഭരണശേഷി, ഒഴുക്കി വിടാവുന്ന വെള്ളം എന്നിവ കണക്കിലെടുത്താണ് തുറന്നത്. ജാഗ്രത നിർദേശവും മുന്നറിയിപ്പും നൽകിയിരുന്നു.
ഇടുക്കി അണക്കെട്ട് തുറക്കുന്നില്ലെന്ന് താൻ പറഞ്ഞത് മാധ്യമങ്ങളെ കളിയാക്കാനാണെന്ന് മന്ത്രി മണി പറഞ്ഞു. ഡാം ഇപ്പോൾ തുറക്കുമോയെന്ന് ആവേശത്തോടെ നോക്കിനിന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. മന്ത്രിമാർ തമ്മിൽ അഭിപ്രായവ്യത്യാസമില്ല. ഇടുക്കി ഡാം ഇപ്പോൾ തുറേക്കണ്ടതില്ലെന്ന് മാത്യു ടി തോമസ് പറഞ്ഞത് അന്നത്തെ സാഹചര്യം അനുസരിച്ചാണ്. അന്ന് നല്ല തെളിച്ചമുണ്ടായിരുന്നു.
2,250 ദശലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷിയേ കേരളത്തിലെ നദികൾക്കുള്ളൂ എന്നും 14,000 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് മഴയിലൂടെ ഒഴുകി എത്തിയത് എന്നുമാണ് ജല കമീഷൻ കണ്ടെത്തിയത്. പ്രളയം നിയന്ത്രിക്കാൻ മാത്രം ശേഷിയുള്ള ജലസംഭരണികൾ കേരളത്തിലില്ല എന്നും പ്രളയ നിയന്ത്രണം സാധ്യമാക്കും വിധം അച്ചൻകോവിൽ, മീനച്ചിലാർ തുടങ്ങിയ നദികളിൽകൂടി അണകെട്ടി വെള്ളം സംഭരിക്കുന്ന കാര്യം ആലോചിക്കണം എന്നുമാണ് കമീഷൻ നിരീക്ഷിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കം ഉണ്ടാക്കുന്നത് വെള്ളത്തിെൻറ ആകെ അളവാണ്. അത് ഡാമിൽ നിന്നായാലും മഴയിലായാലും ഒരേ സ്ഥിതിയാണ്. അണകളിലെ വെള്ളത്തിെൻറ സമ്മർദം വെള്ളപ്പൊക്കത്തിന് കാരണമായി എന്ന വാദം അത്ഭുതമാണുണ്ടാക്കുന്നത്. അണക്കെട്ട് തകരുമ്പോൾ മാത്രമാണ് വെള്ളത്തിെൻറ സമ്മർദം മൂലം പ്രളയം ഉണ്ടാകുന്നത്. ഒഴുകി വന്ന വെള്ളം പൂർണമായി ഒഴുക്കി വിട്ടിട്ടില്ല. നിയന്ത്രിച്ച് കുറേ വെള്ളം ഡാമിൽതന്നെ പിടിച്ച് ബാക്കിയേ ഒഴുക്കിയിട്ടുള്ളൂ. ഒരു ഡാമിലും സ്പിൽവേ ശേഷിയുടെ പകുതിപോലും തുറന്നിട്ടില്ലെന്നും മന്ത്രിമാർ വ്യക്തമാക്കി.
എന്തിനാ ജുഡീഷ്യൽ അന്വേഷണം? മഴ എങ്ങനെ വെന്നന്ന് അറിയാനോ –മന്ത്രി മണി
പ്രളയമുണ്ടായതിന് എന്തിനാ ജുഡീഷ്യൽ അന്വേഷണം? മഴ എങ്ങനെ വെന്നന്ന് അറിയാനാണോ? ജുഡീഷ്യൽ അന്വേഷണം വേണ്ട, അതിന് മുടക്കാൻ പണമില്ല; വാർത്തസമ്മേളനത്തിൽ മന്ത്രി എം.എം. മണി തുറന്നടിച്ചു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതിെൻറ കാരണം അറിയാം. വേല ഞങ്ങടെയടുത്ത് വേണ്ട. 1924ലെ പ്രളയത്തെ മറച്ചുവെച്ചാണ് ഇവർ വർത്തമാനം പറയുന്നത്; പ്രതിപക്ഷ ആവശ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഗ്രഹണസമയത്ത് ഞാഞ്ഞൂലുകൾക്കും വിഷമാണെന്ന് പറഞ്ഞതുപോലെയാണ് പരിസ്ഥിതിവാദികളുടെ ഇടപെടൽ. ഇവർക്ക് മറുപടി പറയലല്ല തെൻറ പണി.
ഇടുക്കിയിൽ സബ് കലക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാത്തത് പ്രകൃതി ഒഴിപ്പിെച്ചന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക് വേറെ പണിയുണ്ടെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി പോയതോടെ എല്ലാം അവതാളത്തിലായെന്നാണ് പുതിയ ആരോപണം. ദിവസവും മുഖ്യമന്ത്രി വിളിക്കുന്നുണ്ട്. അതിെൻറ അടിസ്ഥാനത്തിലാണ് പ്രവർത്തനം.അണക്കെട്ടുകൾ തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായതെന്ന് വിശദീകരിക്കാനാണ് മന്ത്രി മാത്യു ടി. തോമസുമൊന്നിച്ച് മന്ത്രി മണി വാർത്തസമ്മേളനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.