ഇടുക്കി: ശബരിമല നട അടച്ചിടുമെന്ന് പറഞ്ഞ പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എം.എം. മണി. രാജഭരണം അവസാനിച്ചെന്നും ഇപ്പോൾ ജനാധിപത്യകാലമാണെന്നത് പന്തളം രാജകുടുംബം മറന്നുപോകുന്നുവെന്നും ശ്രീകോവിൽ അടക്കുമെന്ന് പറയുന്ന തിരുമേനി അവിടത്തെ ശമ്പളക്കാരനാണെന്ന് ഓർക്കണമെന്നും മന്ത്രി മണി പറഞ്ഞു. സുപ്രീംകോടതി വിധിച്ചതുകൊണ്ട് എല്ലാവരും ശബരിമലയിലേക്ക് പോയേ തീരുവെന്നില്ല. ആവശ്യക്കാർ മാത്രം പോയാൽ മതി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിയമപരമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മണി വ്യക്തമാക്കി.
ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) എൻ.ആർ സിറ്റി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശബരിമല പവിത്രമായ സ്ഥലമാണ്. അവിടെ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നവരുടേത് ഗൂഢലക്ഷ്യമാണ്. സംസ്ഥാന സർക്കാറല്ല ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചത്. കേന്ദ്ര സർക്കാർപോലും സുപ്രീംകോടതി വിധി നടപ്പാക്കാൻ പറയുന്നു. പിന്നെ എന്തിനാണ് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരേത്ത സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം പ്രതിനിധികള്‍ രംഗത്ത് വന്നിരുന്നു. നട അടക്കാന്‍ അധികാരമുള്ളതുകൊണ്ടാണ് തന്ത്രിക്ക് കത്ത് നല്‍കിയതെന്ന് വ്യക്തമാക്കുകയായിരുന്നു പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡൻറ് ശശികുമാര വര്‍മ. എല്ലാ കോടതി വിധികളോടും സര്‍ക്കാറിെൻറ നിലപാട് വ്യത്യസ്തമാണെന്നും സ്ത്രീകളെ എങ്ങനെയെങ്കിലും കയറ്റി ശബരിമലയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ശശികുമാരവര്‍മ ആരോപിച്ചിരുന്നു. ഈ വിഷയത്തിലാണ് മന്ത്രിയുടെ പ്രതികരണം. ബ്രാഞ്ച് സമ്മേളനത്തിൽ ഒ.ജി. സുകുമാരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.