'അവർ വെള്ളം കുടിക്കാതെയും ചാവും, നമ്മൾ വെള്ളം കുടിച്ചും ചാവും'; മുല്ലപ്പെരിയാർ ജല ബോംബെന്ന് എം.എം. മണി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് തലക്ക് മുകളിൽ ബോംബ് പോലെ നിൽക്കുകയാണെന്ന് മുൻ മന്ത്രി എം.എം. മണി. എന്തെങ്കിലും സംഭവിച്ചാൽ അവർ വെള്ളം കുടിക്കാതെയും ചാവും നമ്മൾ വെള്ളം കുടിച്ചും ചാവും. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്‍റെ അകം കാലിയാണ്. അതിന്‍റെ മുകളിൽ സിമന്‍റ് പൂശിയതുകൊണ്ട് കാര്യമില്ല -ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കർഷക ഉപവാസം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമാന്യബുദ്ധിക്ക് ഒന്ന് ആലോചിച്ച് നോക്കണം. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച ഡാമിന്‍റെ അകം കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്‍റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്‍റെ പുറത്ത് സിമന്‍റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്‍റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും.

വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുകയാണ് ഡാം. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്‌നാട്ടുകാര്‍. പുതിയ ഡാമല്ലാതെ വേറെ എന്താണ് മാര്‍ഗം. എൽ.ഡി.എഫ് ഗവണ്‍മെന്‍റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താല്‍ പ്രശ്‌നം വേഗത്തില്‍ തീരും. വല്ലതും സംഭവിച്ചാല്‍ ദുരന്തമായി തീരും. ഡാം നിലനില്‍ക്കുമോ എന്ന് തുരന്ന് നോക്കുന്നതോളം വിഡ്ഢിത്തം വേറൊന്നില്ല.

മുല്ലപ്പെരിയാർ വിഷയം ഉയര്‍ത്തുമ്പോള്‍ രണ്ട് സംസ്ഥാനത്തേയും ജനങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷമുണ്ടാകാതെ തന്മയത്തത്തോടെ കൈകാര്യം ചെയ്യണമെന്നും എം.എം. മണി പറഞ്ഞു.  

Full View


Tags:    
News Summary - MM Mani statement on Mullaperiyar dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.