മലപ്പുറം: കിഴിശ്ശേരിയിൽ മർദനമേറ്റ് മരിച്ച ബിഹാർ സ്വദേശി രാജേഷ് മാഞ്ചി വന്നത് മോഷണത്തിനാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി ജില്ല പൊലീസ് മേധാവ് സുജിത് ദാസ് പറഞ്ഞു. പ്രതി അവിടെയെത്താനുള്ള സാഹചര്യങ്ങൾ വിശദമായ അന്വേഷണത്തിൽ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുലർച്ച കിഴിശ്ശേരി തവനൂരിൽ ഒന്നാംമൈലിലെ വീടിന് സമീപത്തുനിന്ന് ശബ്ദം കേട്ട് സമീപത്തെ കോഴിക്കടയിൽനിന്നുള്ള രണ്ടുപേരാണ് ആദ്യം അവിടെയെത്തിയത്.
വീടിന്റെ മുറ്റത്ത് രാജേഷ് വീണ് കിടക്കുന്നതായി കണ്ടപ്പോൾ ഇവർ വീടിന്റെ ഉടമസ്ഥനെ വിളിച്ചുണർത്തി. ഈ സമയം തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കൾ കൂടി സ്ഥലത്തെത്തി. ബിഹാർ സ്വദേശി മോഷണത്തിനാണ് എത്തിയതെന്ന് ബോധ്യപ്പെട്ടതോടെ ഇവരെല്ലാം ചേർന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്ത് മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇവർ ഫോണിലൂടെ അറിയിച്ചത് പ്രകാരം കൂടുതർ പേരെത്തി ഇവരുടെ കൂടെ ചേർന്ന് രാജേഷിനെ മർദിച്ചു. പ്ലാസ്റ്റിക് പൈപ്പ്, മാവിന്റെ കൊമ്പ്, മരത്തടികൾ എന്നിവ ഉപയോഗിച്ചാണ് മർദിച്ചതെന്നും രണ്ടര മണിക്കൂറോളം മർദനം തുടർന്നതായും പൊലീസ് പറഞ്ഞു.
ഇതിനിടെ ബോധം നിലച്ച രാജേഷിനെ തൊട്ടടുത്ത അങ്ങാടിയിൽ കൊണ്ടുപോയി ഇരുത്തി. ശേഷം നാട്ടിലെ ഒരു പൊതുപ്രവർത്തകനെ അറിയിച്ചു. ഇദ്ദേഹം നാട്ടിലുണ്ടായിരുന്ന ഒരു പൊലീസുകാരനെ വിവരമറിയിച്ചു. തുടർന്ന് കൊണ്ടോട്ടി പൊലീസിൽ അറിയിക്കുകയും ആംബുലൻസിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകയുമായിരുന്നു. എന്നാൽ, അവിടെ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. കള്ളനെ പിടിച്ച ‘ആവേശ’ത്തിൽ നാട്ടുകാരും ഓടിക്കൂടിയവരും പൊലീസിനെ അറിയിക്കാതെ മർദിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
മലപ്പുറം: കിഴിശ്ശേരിയിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശി രാജേഷ് മാഞ്ചിയെ സംഭവദിവസം അർധരാത്രി 12 മുതൽ പുലർച്ച 2.30 വരെ പ്രതികൾ മർദിച്ചതായി പൊലീസ്. മോഷ്ടാവിനെ പിടികൂടിയെന്ന വിവരമറിഞ്ഞ് വന്നവരെല്ലാം രജേഷിനെ ക്രൂരമായി മർദിച്ചു. കൈ പുറകോട്ട് കെട്ടി ചോദ്യം ചെയ്യുകയും നിരന്തരം അടിക്കുകയും ചെയ്തു. നെഞ്ചിലും വയറ്റിലും നിരവധി തവണ ശക്തമായ മർദനമേറ്റു. ഈ മർദനങ്ങൾക്ക് വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് മർദനത്തിന്റെ തെളിവുകൾ ലഭിച്ചു. മർദനത്തിൽ അവശനായി കിടക്കുന്ന രാജേഷിന്റെ ഫോട്ടോകൾ പ്രതികളുടെ ഫോണുകളിലുണ്ടായിരുന്നു.
നൈറ്റ് പട്രോളിങ്ങിനിടെ വിവരമറിഞ്ഞത് പ്രകാരം സ്ഥലത്ത് എത്തിയ പൊലീസ് എടുത്തുവെച്ച ഫോട്ടോകൾ പ്രതികളെ ഉടൻ പിടികൂടാൻ സഹായിച്ചു. തെളിവുകൾ നഷ്ടപ്പെടുത്താൻ, മരിച്ച രാജേഷിന്റെ ടീഷർട്ട് പ്രതികൾ ഒളിപ്പിച്ചിരുന്നു. പിടിയിലായ ഒരു പ്രതി അങ്ങാടിയിലുണ്ടായിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഈ ദൃശ്യങ്ങളെല്ലാം പൊലീസ് വീണ്ടെടുത്ത് പരിശോധിക്കും. സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൊഴിയും രേഖപ്പെടുത്തി. ചില പ്രതികൾ ഫോണിൽ നിന്നെടുത്ത ദൃശ്യങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ഇവയും വീണ്ടെടുക്കാൻ ശ്രമിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കൊണ്ടോട്ടി: കിഴിശ്ശേരിയില്‍ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് മണിക്കൂറിനകം മുഖ്യപ്രതികളെയെല്ലാം പിടികൂടാനായത് പൊലീസിന്റെ അന്വേഷണ മികവിൽ. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസ് സംഘം രണ്ടായി പിരിഞ്ഞ ശേഷം ഒരു സംഘം റോഡരികില്‍ കിടന്നിരുന്ന രാജേഷ് മാഞ്ചിയെ ആശുപത്രിയിലെത്തിച്ചു. രണ്ടാമത്തെ സംഘം അതേസമയം, തന്നെ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പഴുതടച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കാനായത്. അന്തർസംസ്ഥാന തൊഴിലാളിയെ വീട്ടുപരിസരത്ത് കണ്ടതും കൂടുതൽ പേരെ വിളിച്ചുവരുത്തിയതും സമീപത്തെ മാംസവില്പനശാലയിലുള്ളവരാണ്. പൊലീസെത്തി പുലര്‍ച്ചെ മൂന്നരയോടെതന്നെ വാര്‍ഡ് മെമ്പറെ വിളിച്ചുവരുത്തുകയും മാംസവില്പനകേന്ദ്രത്തില് രാത്രി ജോലി ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളടക്കമുള്ളവരുടെ വീടുകളിലെത്തി മൊബൈല്‍ ഫോണ്‍ സഹിതം കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ അഞ്ചരയോടെ തന്നെ ഇവരെ പിടികൂടാന്‍ എ.എസ്.പി ബി. വിജയ് ഭാരത് റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായി.
ഫോണുകളിലുണ്ടായിരുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് യഥാര്‍ഥ പ്രതികളിലേക്കെത്താന്‍ സഹായകമായത്. രാജേഷിനെ റോഡരികില്‍ കിടത്തിയശേഷം വീട്ടിലേക്ക് മടങ്ങിയ പ്രതികള്‍, ഇയാൾ ടെറസില്‍ നിന്ന് വീണ് മരിച്ചെന്ന രീതിയില്‍ സംഭവം പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. ഈ മൊഴിയില്‍ ഉറച്ചുനിന്ന പ്രതികളുടെ വാദം തെളിവുകള്‍ നിരത്തിയാണ് പൊലീസ് പൊളിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബോധ്യമായ ആറുപേരെ വിട്ടയക്കുകയും മറ്റ് എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തുടർന്നാണ്, സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കാനും കൊല്ലപ്പെട്ട രാജേഷിന്റെ വസ്ത്രങ്ങള്‍ ഒളിപ്പിക്കാനും ശ്രമിച്ചതിന് ഒരാളെക്കൂടി ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോകാനുള്ള അവസരവും അതിവേഗ ഇടപെടലോടെ ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.