പാലക്കാട്: പുതുശ്ശേരിയിലെ മൊബൈല്‍ ടവര്‍ മോഷണക്കേസില്‍ കസബ പൊലീസ് രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടത്തു. പുതുശ്ശേരി വെസ്റ്റില്‍ ജി.ടി.എല്‍ ഇന്‍ഫ്രാ സ്ട്രെക്ചര്‍ കമ്പനിയുടെ ടവര്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി അഞ്ചിന് സേലം മേട്ടൂര്‍ നരിയനൂര്‍ ഉപ്പുപള്ളം പള്ളിപ്പെട്ടി കൃഷ്ണകുമാറിനെ (46) അറസ്റ്റ് ചെയ്തിരുന്നു.
13ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തമിഴ്നാട്ടിലടക്കം കൊണ്ടുപോയി തെളിവെടുത്തു. തുടർന്നാണ് ഒരു ലോറിയും പിക്അപ് വാനും കസ്റ്റഡിയിലെടുത്തത്. 2022 ഏപ്രില്‍ നാലിന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് നടപടി. സ്ഥലം ഉടമക്ക് രണ്ടുലക്ഷം രൂപ നല്കി പ്രതി തൊഴിലാളികളുമായി എത്തി 2021 ഡിസംബര്‍ മൂന്നുമുതൽ അഞ്ചുവരെയാണ് ഹൈവേക്ക് സമീപത്തെ ടവര്‍ അഴിച്ചുമാറ്റി തമിഴ്നാട്ടിലേക്ക് കടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മൊബൈല്‍ ടവര്‍ ഇരുമ്പ് വിലക്ക് വിറ്റ ഈറോഡിലും സംഘം കഴിഞ്ഞദിവസങ്ങളിലായി പരിശോധന നടത്തിയിരുന്നു. ഏഴ് ടണ്‍ തൂക്കം വരുന്ന ടവര്‍ ഉരുക്കുന്നതിനായി ഈറോഡില്‍ രണ്ടര ലക്ഷം രൂപക്ക് വിറ്റെന്ന് കണ്ടെത്തി. ടവര്‍ ഉരുക്കി തരം മാറ്റിയതിനാല്‍ വീണ്ടെടുക്കാനായിട്ടില്ല. കസബ ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവ്, സബ് ഇന്‍സ്പെക്ടര്‍ രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നിഷാദ്, സി.പി.ഒ രമ്യ എന്നിവരാണ് കേസ് അന്വേഷിച്ചത്. പാലക്കാട് ജില്ലയില്‍ മറ്റ് അഞ്ചിടങ്ങളില്‍ കൂടി സമാനരീതിയില്‍ മൊബൈല്‍ ടവറുകള്‍ കാണാതെ പോയിട്ടുണ്ട്. 10 ജില്ലകളിലായി 29 ടവറുകള്‍ കാണാതായതായി ജി.ടി.എല്‍ കമ്പനി അധികൃതര്‍ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഓരോ സംഭവങ്ങളും അതത് പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരാതികളായി നല്കിയതും കവര്‍ച്ച നടന്നത് എന്നാണെന്ന് വ്യക്തമാക്കാന്‍ സാധിക്കാത്തതുമാണ് വലിയ മോഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാന്‍ വൈകിയതിന് കാരണം. 2008-09 കാലഘട്ടത്തില്‍ ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ കമ്പനി സംസ്ഥാനത്ത് 500 മൊബൈല്‍ ടവറുകള്‍ എയര്‍സെല്‍ കമ്പനിക്കുവേണ്ടി സ്ഥാപിച്ചിരുന്നു.2013ഓടെ എയര്‍സെല്‍ സര്‍വിസ് നിര്‍ത്തിയതോടെ 250 ടവറുകള്‍ സേവനം ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് പ്രതി സ്ഥലം ഉടമകള്‍ക്ക് തുച്ഛവില നല്കി ടവറുകള്‍ അഴിച്ചുകൊണ്ടുപോയി വിറ്റത്.
പാലക്കാട്: മങ്കര സ്റ്റേഷന് പരിധിയിലെ മാങ്കുറുശ്ശിയില്‍ മൊബൈല്‍ ടവര്‍ മോഷണം പോയ കേസ് തെളിവെടുപ്പിന് പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. പുതുശ്ശേരി ടവര്‍ മോഷണക്കേസില്‍ റിമാൻഡിലുള്ള പ്രതി കൃഷ്ണകുമാറിനെയാണ് മങ്കര പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. മാങ്കുറുശ്ശിയിലെ ടവര്‍ മോഷണ കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
കസബ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായാണ് സൂചന. ഈ കേസിലും പ്രതി കൃഷ്ണകുമാര്‍ തന്നെയെന്നതിന് മങ്കര പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പ്രതിയെക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. കൃത്യം നടന്നെന്ന് കരുതുന്ന സമയത്ത് സ്ഥലത്ത് പ്രതിയുടെ സാന്നിധ്യം വ്യക്തമാക്കുന്ന തെളിവുകളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. വടക്കഞ്ചേരി, അഗളി, പാലക്കാട് സൗത്ത്, കല്ലടിക്കോട് സ്റ്റേഷനുകളിലെ കേസില്‍ പ്രതിക്ക് പങ്കുണ്ടോ എന്ന കാര്യം പരിശോധിച്ച് വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.