തിരുവനന്തപുരം: നിയമസഭ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമെല്ലാം കാഴ്ചക്കാരായ മാതൃകാ നിയമസഭയിൽ മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും പെൺകുട്ടികൾ അരങ്ങുവാണു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിനോട് അനുബന്ധിച്ച് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാഹാളിൽ സംഘടിപ്പിച്ച മാതൃക നിയമസഭ യഥാർഥ സമ്മേളനത്തിനോട് കിടപിടിക്കുന്നതായി മാറി.
സ്പീക്കർ എ.എൻ. ഷംസീറിനെയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയും സാക്ഷിയാക്കിയായിരുന്നു കുട്ടി പാർലമെന്റേറിയൻമാരുടെ പ്രകടനം. സമാധാനപരമായി മുന്നേറിയ ചോദ്യോത്തരവേളക്ക് ശേഷം ശൂന്യവേളയിൽ വിലക്കയറ്റം അടിയന്തര പ്രമേയ വിഷയമായി. പ്രതിപക്ഷ അംഗമായി എത്തിയ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറിയിലെ അമാനി മുഹമ്മദ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നടത്തിയ പ്രസംഗം വിലക്കയറ്റത്തിന്റെ രൂക്ഷതയും സർക്കാർ വിമർശനവും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതായി. മറുപടി പറഞ്ഞ പൊതുവിതരണ മന്ത്രി ആറ്റിങ്ങൽ ജി.എം.ബി.എച്ച്.എസ്.എസിലെ എ.എം. അമലും മുഖ്യമന്ത്രി വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ എസ്. ഗൗരിപ്രിയയും വിലക്കയറ്റത്തിന്റെ കാരണക്കാർ കേന്ദ്ര സർക്കാറാണെന്നും ഏറ്റവും കുറഞ്ഞ വിലക്കയറ്റമാണ് സംസ്ഥാനത്തെന്നും വാദിച്ചു.
വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്താതെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് ശ്രദ്ധക്ഷണിക്കലും സബ്മിഷനുമെല്ലാം അവതരിപ്പിച്ചു. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും യഥാർഥ സഭയിൽ വനിതകൾ എത്തിയിട്ടില്ലെങ്കിലും മാതൃകാസഭയിൽ ഈ വേഷങ്ങളിൽ പെൺകുട്ടികളെല്ലാം ഒരുപോലെ തിളങ്ങി. തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് പങ്കെടുത്തത്. നാലാഞ്ചിറ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ ജി.എസ്. സനൂജ് ആയിരുന്നു സ്പീക്കർ. തൊളിക്കോട് ജി.എച്ച്.എസ്.എസിലെ എസ്. ഫാത്തിമ ഡെപ്യൂട്ടി സ്പീക്കറായും വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ എസ്. ഗൗരിപ്രിയ മുഖ്യമന്ത്രിയായും പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ ടി.എസ്. ഷിൽപ പ്രതിപക്ഷനേതാവായും വേഷമിട്ടു. സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. നിയമസഭ സെക്രട്ടറി എ.എം. ബഷീർ, സ്പെഷൽ സെക്രട്ടറി ഷാജി സി. ബേബി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.