വയനാട്ടിലെ ദുരിതബാധിത ക്യാമ്പു​കൾ നേരിട്ട് കണ്ട് മോദി; സ്വകാര്യ ആശുപത്രിയും സന്ദർശിച്ചു

കൽപറ്റ: ഉരുളെടുത്ത വയനാട്ടിലെ ദുരന്തഭൂമികൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനു ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലും മോദിയെത്തി. ക്യാമ്പിൽ കഴിയുന്നവരുടെ പ്രതിനിധികളായ ഒമ്പതുപേരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ മോദിയോട് സങ്കടം പങ്കുവെച്ചു. എല്ലാവരെയും ശ്രദ്ധയോടെ കേട്ട മോദി അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. 25 മിനിറ്റോളം മോദി ക്യാമ്പിൽ ചെലവഴിച്ചു.

അതിനു ശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലേക്കാണ് പ്രധാനമന്ത്രി പോയത്. ദുരന്തത്തെ അതിജീവിച്ച പരിക്കുകളോട് മല്ലിട്ട് ആശുപത്രിയിൽ കഴിയുന്ന നാലുപേരെ മോദി കണ്ടു. അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ആരോഗ്യപ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി. വിംസ് ആശുപത്രിയിൽ നിന്ന് കൽപ്പറ്റയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി കലക്ട​റേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ പ​ങ്കെടുക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ വയനാടിനെ പുനർനിർമിക്കാൻ ആവശ്യമായ ചർച്ചകൾ നടക്കും. മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന സ്‌ക്രീൻ പ്രസന്റേഷൻ ചീഫ് സെക്രട്ടറി അവതരിപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ. വേണു, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. കൽപറ്റയിൽ നിന്ന് റോഡ് മാർഗമാണ് മോദി ചൂരൽമലയി​ലെത്തിയത്. ദൗത്യസംഘം ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ച് മോദിയോട് വിവരിച്ചു. അവിടെ കുറെ നേരം ചെലവഴിച്ച ശേഷമാണ് ക്യാമ്പുകളിലേക്ക് പോയത്. ബെയ്‍ലി പാലത്തിലൂടെ നടക്കുകയും ചെയ്തു.

Tags:    
News Summary - Modi visited camps in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.