കൊച്ചി: ‘‘എം.കോമും സി-പാക് ഡിപ്ലോമയുമുൾപ്പെടെ പറ്റുന്നതെല്ലാം പഠിച്ച് പല ജോലിക്കും ശ്രമിച്ച് ഇൻറർവ്യൂ വരെയെത്തി മടങ്ങേണ്ടി വന്നിട്ടുണ്ട്. എന്നെ ജോലിക്കെടുത്താൽ എന്റെ കാര്യങ്ങൾക്കായി വേറൊരാളെക്കൂടി നിർത്തേണ്ടി വരുമല്ലോ എന്നാണ് ചിലർ പറഞ്ഞത്.
അങ്ങനെ കുറേ വർഷം നഷ്ടമായി. ഏറെക്കാലമായി ജോലി ഒരു സ്വപ്നമായിരുന്നു, ഇന്ന് അത് യാഥാർഥ്യമായി’’ -ജന്മനാ എല്ലുകൾ പൊടിയുന്ന (ബ്രിറ്റ്ൽ ബോൺ ഡിസീസ്) രോഗത്തെ തുടർന്ന് വീൽചെയറിലായ ഇടുക്കി തൊടുപുഴ സ്വദേശി ഷംസിയ ഫാത്തിമ മൊയ്തീന്റെ വാക്കുകളാണിത്.
ശാരീരികാവസ്ഥയുടെ പേരിൽ പല തൊഴിലിടങ്ങളിൽനിന്നും നിഷ്കരുണം പുറത്താക്കപ്പെട്ട ആ യുവതിയെ അതിജീവനത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് കൊച്ചിയിലെ ഐ.വി.ബി.എം എന്ന സ്റ്റാർട്ടപ് കമ്പനി. വീൽചെയറിൽതന്നെ ഷംസിയ കൊച്ചി തൈക്കൂടം മെട്രോ സ്റ്റേഷനടുത്തുള്ള കമ്പനിയിലെ അക്കൗണ്ട്സ് വിഭാഗം ജോലിയിൽ പ്രവേശിക്കാനെത്തി.
നിറഞ്ഞ കൈയടികളോടും സ്നേഹാദരങ്ങളോടുമായിരുന്നു യുവതിയെയും കുടുംബാംഗങ്ങളെയും കമ്പനിയിലുള്ളവർ എതിരേറ്റത്. വലിയൊരു സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ഈ 38കാരി ഇന്ന്. റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ തൊടുപുഴ കരിമണ്ണൂർ പുല്ലോളിൽ മൊയ്തീന്റെയും റിട്ട. അധ്യാപിക സാറമ്മാളിന്റെയും മകളായ ഷംസിയയെ കുഞ്ഞുനാൾ മുതൽ എട്ടുവർഷം മുമ്പുവരെ എടുത്തുകൊണ്ടു നടന്നാണ് പഠിപ്പിച്ചത്.
പിന്നീട് വീൽചെയറിലേക്ക് മാറി. സമീപത്തെ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നെങ്കിലും കോവിഡ് അത് ഇല്ലാതാക്കി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനവരെ പല ജോലിക്കായും പരിശ്രമിച്ചെങ്കിലും ഇൻറർവ്യൂ ഘട്ടത്തിൽ തഴയപ്പെട്ടു. വിധിയെ പഴിച്ചിരിക്കാതെ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സുഹൃത്തുവഴി ഐ.വി.ബി.എമ്മിലെ ജോലിയുടെ കാര്യം അറിഞ്ഞത്.
ഷംസിയയുടെ കാര്യമറിഞ്ഞ കമ്പനി എം.ഡിയും സി.ഇ.ഒയുമായ ജാഫർ സാദിഖ്, ഇന്ത്യ ബിസിനസ് ഓപറേഷൻസ് ഹെഡ് കെ.എസ്. ഫസലുറഹ്മാൻ എന്നിവർ ചേർന്ന് അവരുടെ തൊടുപുഴയിലെ വീട്ടിലെത്തി ഇൻറർവ്യൂ നടത്തി ഉടൻ നിയമനരേഖ നൽകുകയായിരുന്നു.
യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് വർക്ക് ഫ്രം ഹോം നൽകിയിരിക്കുകയാണിവർക്ക്. പ്രഫഷനൽ മികവുള്ളവരെ ശാരീരിക പരിമിതിയുടെ പേരിൽ മാറ്റിനിർത്തേണ്ടതില്ലെന്നും അവർക്കും മറ്റുള്ളവരെപ്പോലെ കഴിവ് തെളിയിക്കാൻ അവസരങ്ങൾ നൽകേണ്ടതുണ്ടെന്നും ഫസലുറഹ്മാൻ പറഞ്ഞു. സഹോദരി ഷഹനക്കൊപ്പമുള്ള യാത്രകൾ, ഗ്ലാസ് പെയിൻറിങ്, ആഭരണ നിർമാണം എന്നിവയെല്ലാമാണ് ഷംസിയയുടെ മറ്റ് സന്തോഷങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.