തിരുവനന്തപരും: പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശത്തിന് പിന്നിൽ പരാജയ ഭീതിയാണ് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഒന്നാം ഘട്ടത്തെ പോളിങ് കഴിഞ്ഞപ്പോൾ എൻ.ഡി.എക്കും ബി.ജെ.പിക്കുമെല്ലാം ചില കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ വോട്ടിങ് ശതമാനത്തിലൂടെ ജനങ്ങൾ നൽകിയ സൂചന തങ്ങൾ പിന്നിലായിപ്പോയി എന്ന ചിന്തയിലേക്കും നിരാശയിലേക്കും അവരെ എത്തിച്ചു.
ഇതോടൊപ്പം ഇന്ത്യാമുന്നണി വലിയ മുന്നോറ്റവും കാഴ്ചവെക്കുന്നു. ഇതാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ കാരണം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ നൽകിയ പരാതിയിൽ കമ്മീഷൻ നടപടിയെടുക്കുമെന്നാണ് താൻ സത്യസന്ധമായും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
• പ്രധാനമന്ത്രിയുടെ രാജസ്ഥാൻ വിദ്വേഷ പ്രസംഗത്തെ എങ്ങനെ വിലയിരുത്തുന്നു ?
അദ്ദേഹം സുപ്രധാന ഭരണഘടനപരമായി ചുമതല വഹിക്കുന്നയാളാണ്. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ സംവാദത്തിന് നിരവധി വിഷയങ്ങളുണ്ട്. മതപരമായ പരമാർശങ്ങളും ഏതെങ്കിലും സമുദായങ്ങളെ ടാർഗറ്റ് ചെയ്തുള്ള ആരോപണങ്ങളുമെല്ലാം ജനാധിപത്യത്തിൽ അത്ര നല്ല പ്രവണതയല്ല.
ജനങ്ങളുടെ പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യേണ്ടത്. എന്നാൽ ഇത്തരം വിഷയങ്ങളിൽ നിന്ന് ബോധപൂർവം ചർച്ചകൾ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാജിസ്ഥാനിലെ വിവാദ പരാമർശങ്ങൾ.
• 400 സീറ്റ് നേടുമെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം..?
നമ്പർ ഗെയിമുകളിലേക്കൊന്നും ഞാൻ പോകുന്നില്ല. ഇന്ത്യ മുന്നണി സർക്കാർ രൂപവത്കരിക്കാനുള്ള സീറ്റുകൾ നേടും. കേരളത്തിൽ 20 ൽ 20 ഉം കോൺഗ്രസ് സ്വന്തമാക്കും. ഇന്ത്യമുന്നണിക്ക് അടുത്ത അഞ്ചുവർഷത്തേക്കുളള കൃത്യമായ ബ്ലൂപ്രിന്റുണ്ട്.
• കോൺഗ്രസിന്റെ പ്രതീക്ഷ എത്രത്തോളമാണ്?
മാറ്റത്തിന് വേണ്ടിയുള്ള വലിയ ജനകീയ വികാരം ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകുന്നുണ്ട്. കോൺഗ്രസിന്റെ അകൗണ്ട് മരവിപ്പിക്കുകയും പ്രതിപക്ഷ നേതാക്കളെ ജയിലടക്കുകയും ഭരണഘടനയെ ബോധപൂർവം ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളിലുമടക്കം എല്ലാകാര്യത്തിലും ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. അവർ ഉറക്കെ വിളിച്ച് പറയുന്നില്ലെന്നേയുള്ളൂ. വോട്ടിൽ ഈ ജനരോഷം പ്രതിഫലിക്കും. ഒന്നാം റൗണ്ട് പോളിങ്ങിൽ തന്നെ ബി.ജെ.പി പിന്നിലാണ്.
• കേരളത്തിലെ സാധ്യതകൾ ...?
കേരളത്തിൽ യു.ഡി.എഫിന്റെ അടിത്തറ ശക്തമാണ്. അപ്രതീക്ഷിതമായി ലഭിച്ച രണ്ടാം ഊഴത്തിൽ എൽ.ഡി.എഫിന്റെ പ്രവർത്തനം വളരെ മോശമാണ്. വളരെ കുറഞ്ഞ മാർക്കേ ഇക്കുറി അവർക്ക് കിട്ടൂ. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവർക്ക് നേരെ വരെ ഉയർന്ന അഴിമതി ആരോപണം ഉയർന്നിരുക്കുന്നു. ദേശീയ തലത്തിൽ ഇന്ത്യമുന്നണിക്കൊപ്പമാണ് സി.പി.എമ്മെങ്കിലും കേരളത്തിൽ പിന്തണുക്കുന്നില്ലെന്ന് മാത്രമല്ല, രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന നേതാക്കളെ കടന്നാക്രമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.