മോദിയുടെ 'ഒരു രാജ്യം, ഒരു പൊലീസ് യൂനിഫോം' ആശയം ഫെഡറലിസത്തിന് ഹാനികരം -എം. കെ ഫൈസി

ന്യൂഡല്‍ഹി: ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടന്ന ചിന്തന്‍ ശിവിറിലെ സന്ദേശം രാജ്യത്ത് പിന്തുടരുന്ന ഫെഡറല്‍ സംവിധാനത്തിന് ഹാനികരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം. കെ ഫൈസി. ചിന്തന്‍ ശിവിറിലെ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും പ്രസ്താവനകളെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. 'ഒരു രാജ്യം, ഒരു പൊലീസ് യൂനിഫോം' എന്ന തന്റെ ആശയം വെറും 'ചിന്ത' മാത്രമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നു. എന്നാല്‍ ഈ 'ചിന്ത' ഗോള്‍വാള്‍ക്കര്‍ സ്വപ്നം കണ്ട ഏക ശിലാരാഷ്ട്ര രൂപീകരണത്തിന്റെ ഭാഗമാണെന്നത് വ്യക്തമാണ്. ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ആർ.എസ്.എസ് അതിന്റെ ശതാബ്ധി ജന്മദിനത്തില്‍ ബാധ്യസ്ഥരുമാണ്. അതേസമയം, ഈ 'ആശയം' രാജ്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ ഇല്ലാതാക്കും.

രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കാനും പൊലീസിനെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാനും ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ഇത് ഫെഡറലിസത്തില്‍ വിഭാവനം ചെയ്യുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുത്തുകയും അവരുടെ അധികാരം കവര്‍ന്നെടുക്കുകയും ചെയ്യും. സംസ്ഥാനത്തിന്റെ പ്രത്യേകാവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഇല്ലാതാക്കുകയും സംസ്ഥാനത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുകയും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

മറ്റൊരു ദോഷകരമായ പ്രസ്താവന കേന്ദ്ര ആഭ്യന്തര മന്ത്രിയുടേതാണ്. തീവ്രവാദ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻ.ഐ.എ ശാഖകള്‍ സ്ഥാപിക്കുമെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അതിര്‍ത്തിയില്ലാത്ത കുറ്റകൃത്യങ്ങള്‍, അതിര്‍ത്തി കടന്നുള്ള ഭീകരത, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് കേന്ദ്രവുമായി കൈകോര്‍ക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്തുടനീളം എൻ.ഐ.എ രൂപീകരിക്കുന്നത് 'ഒരു രാജ്യം, ഒരു പൊലീസ്, ഒരു യൂനിഫോം' എന്ന പ്രധാനമന്ത്രിയുടെ 'ചിന്തക്ക്' അനുബന്ധമാണ്. തീവ്രവാദ കേസുകളും രാജ്യദ്രോഹക്കേസുകളും അന്വേഷിക്കാന്‍ രൂപീകരിച്ച എൻ.ഐ.എയെ സംഘപരിവാറിനോടും അതിന്റെ ഭരണത്തോടും പൊരുത്തപ്പെടാത്തവര്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ഇതിനകം ഒരു ഉപകരണമായി ഉപയോഗിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും എൻ.ഐ.എ ശാഖകള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം ഫെഡറല്‍ സംവിധാനത്തിന് മറ്റൊരു ഭീഷണിയാണ്. ഇത് രാജ്യത്തെ മുഴുവന്‍ പൊലീസ് സേനയെയും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുന്നതിന്റെ വ്യക്തമായ സന്ദേശമാണ്. രാജ്യത്ത് യാതൊരു വിധ തീവ്രവാദ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. എന്നാല്‍, ഭരണകൂടവും അതിന്റെ സാമ്പത്തിക സ്വാധീനത്തിലുള്ള മാധ്യമങ്ങളും ഭീകരാക്രമണങ്ങളെ കുറിച്ച് ദിനേനയെന്നോണം അതിശയോക്തിപരമായ വെളിപ്പെടുത്തലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളും സംഘപരിവാര്‍ ആരംഭിച്ചതുമാണ്.

കേന്ദ്രസര്‍ക്കാര്‍ തുടുന്ന ജനാധിപത്യവിരുദ്ധമായ നീക്കത്തെ എതിര്‍ക്കണമെന്നും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ഫെഡറലിസം ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എം. കെ ഫൈസി സംസ്ഥാന മുഖ്യമന്ത്രിമാരോടും രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ഥിച്ചു.

Tags:    
News Summary - Modi's 'one country, one police uniform' concept is harmful to federalism -M. K faizy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.