തൃശൂർ: പ്രളയവും ഉരുൾപൊട്ടലും അടക്കമുള്ള ദുരന്തകാലത്തെ രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ നടപടി മലയാളികളുടെ അഭിമാന ബോധത്തെ ചോദ്യം ചെയ്യുന്നതെന്ന് റവന്യൂ മന്ത്രി കെ.രാജൻ. 132.62 കോടി രൂപയാണ് ദുരന്തകാല സേവനത്തിന് കേന്ദ്രം ആവശ്യപ്പെട്ടത്.
കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സർക്കാർ തീരുമാനം. കേരളമുൾപ്പെടെ ഏത് സംസ്ഥാനത്തിനും നൽകുന്ന സഹായത്തിന് പണം ഈടാക്കുന്നതിന് പകരം ദേശീയ നിവാരണ അതോറിറ്റിയിൽ അത് അഡ്ജസ്റ്റ് ചെയ്യാനുള്ള നടപടിയാണ് കേന്ദ്രം എടുക്കേണ്ടതെന്ന് മന്ത്രി രാജൻ പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമല്ലായെന്ന് കേന്ദ്രം കണക്കാക്കുന്നുണ്ടോ എന്നു ചോദിച്ച മന്ത്രി എയർലിഫ്റ്റിങിന്റെ പണം നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കുമെന്നും എന്നാൽ പണം എവിടെ നിന്നാണ് നൽകുകയെന്നും മന്ത്രി ചോദിച്ചു.
എസ്ഡിആർഎഫിന്‍റെ മാനദണ്ഡം നോക്കാതെ പണം ചെലവഴിക്കാൻ കേന്ദ്രം അനുമതി നൽകേണ്ടതായിരുന്നു. മലയാളിയുടെ അവകാശമായത് കൊണ്ടാണ് കേന്ദ്രസഹായം നിരന്തരം ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് ഇച്ഛാശക്തിയുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുകയാണ് മുഖ്യ പരിഗണന. വയനാടിന്‍റെ സാഹചര്യത്തിൽ ടൗൺഷിപ്പിന് ഭൂമി കണ്ടെത്തുക പ്രയാസമാണ്. 25 സ്ഥലങ്ങൾ ഇതുവരെ കണ്ടു. ഏറ്റവും വേഗത്തിൽ പുനരധിവാസം നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെ ദുരന്തബാധിതരെ എയർലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം കേരളത്തോട് കണക്ക് പറഞ്ഞിരിക്കുന്നത്.
എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. വയനാട് ദുരന്തത്തിൽ പെട്ട നിരവധി പേരെയാണ് സൈന്യം എയർ ലിഫ്റ്റിങ് വഴി പുറത്തെത്തിച്ചത്. ആദ്യദിനം വ്യോമസേന നടത്തിയ സേവനത്തിന് 8,91,23,500 രൂപ നൽകണമെന്നാണ് കണക്ക് നൽകിയത്.
ഇത്തരത്തിൽ വയനാട്ടിൽ ആകെ നടത്തിയ രക്ഷാപ്രവർത്തനത്തിന് ആകെ നൽകണ്ടേത് 69,65,46,417 രൂപയാണ്. വയനാട് ഉരുൾ ദുരന്തത്തിൽ സഹായം നൽകുന്നതിനെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിൽ വാഗ്വാദം നടക്കുന്നതിനിടക്കാണ് ഇത്രയും തുക ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.