കൊച്ചി: പുതുതായി റിലീസ് ചെയ്യുന്ന സിനിമകൾ തകർക്കാനുള്ള നെഗറ്റിവ് റിവ്യൂകളുടെ വ്യാപക പ്രചാരണം തടയാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സൂക്ഷ്മവും ശക്തവുമായ നിരീക്ഷണം നടത്തണമെന്ന് ഹൈകോടതി. ദുഷ്ടലാക്കോടെ അജ്ഞാത കേന്ദ്രങ്ങളിൽനിന്ന് പുറപ്പെടുന്ന ഇത്തരം റിവ്യൂകൾക്കെതിരെ ഐ.ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
ബ്ലാക്ക് മെയിൽ ചെയ്യാനും ഭീഷണിപ്പെടുത്തി പണം വാങ്ങാനും അജ്ഞാത കേന്ദ്രങ്ങളിൽനിന്നുള്ള റിവ്യൂകൾ അവസരമൊരുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. നെഗറ്റിവ് റിവ്യൂ അല്ല, പണത്തിനായി നെഗറ്റിവ് റിവ്യൂ എഴുതുന്നതാണ് പ്രശ്‌നം. റിവ്യൂ ചെയ്യുന്നയാൾ പേരടക്കം സ്വയം വെളിപ്പെടുത്താൻ നടപടി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ദുരുദ്ദേശ്യത്തോടെയുള്ള, നെഗറ്റിവ് റിവ്യൂകളും റിവ്യൂ ബോംബിങ്ങും തടയാൻ തയാറാക്കിയ പ്രോട്ടോകോൾ സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ ഹാജരാക്കി. റിലീസിങ് ദിവസങ്ങളിൽ നെഗറ്റിവ് റിവ്യൂ നടത്തുന്നതും തിയറ്ററുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വ്ലോഗർമാർ നെഗറ്റിവ് റിപ്പോർട്ടുകൾ നൽകുന്നതും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ‘ആരോമലിന്‍റെ ആദ്യ പ്രണയം’ സംവിധായകൻ മുബീൻ റഊഫ് അടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വരുന്ന റിവ്യൂകളിൽ അപകീർത്തികരമായ പരാമർശമുണ്ടെങ്കിൽ സൈബർ നിയമപ്രകാരം പൊലീസിന് ഇടപെടാനാകും. എന്നാൽ, നിരൂപണങ്ങളിൽ കമന്‍റുകൾ വരുന്നത് വ്യാജ മേൽവിലാസങ്ങളിൽനിന്നാണ്. അതിനാൽ ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി സ്വീകരിക്കാൻ പരിമിതിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായി പരാതി ലഭിച്ചാൽ സൈബർ നിയമപ്രകാരം കേസെടുക്കാൻ നിലവിൽ സാഹചര്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പ്രോട്ടോകൾ പഠിച്ചശേഷം റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാറിനോട് കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും രണ്ടാഴ്‌ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.