മോന്‍സൺ പെരുങ്കളൻ; തട്ടിപ്പിന് തന്‍റെ സാന്നിധ്യം ദുരുപയോഗിച്ചെന്ന് കെ. സുധാകരൻ

കോഴിക്കോട്: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി പെരുങ്കളനാണെന്നും തട്ടിപ്പിന് തന്‍റെ സാന്നിധ്യം ദുരുപയോഗം ചെയ്തെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. മോൺസണെ കണ്ടതും ചികിത്സ തേടിയതും സത്യമാണ്. ചികിത്സക്കായി അഞ്ച് ദിവസമാണ് പോയത്. 10 ദിവസം പോയിട്ടില്ലെന്നും അസുഖം ഭേദമായില്ലെന്നും സുധാകരൻ പറഞ്ഞു. വ്യാജ ചികിത്സക്കെതിരെ നിയമ നടപടിയെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

മോന്‍സണുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാൻ മോൻസൺ ശ്രമിച്ചിട്ടുണ്ടാകാം. ഒരു തവണ പോലും പരാതിക്കാർ തന്നെ വന്ന് കണ്ടിട്ടില്ല. മുഖ്യമന്ത്രിയെ താങ്ങുന്നവർ പോലും മോൺസനെ കാണുന്നുണ്ട്. സര്‍ക്കാര്‍ മോന്‍സണെ സംരക്ഷിക്കുകയാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ സി.പി.എം വീണ്ടും ശ്രമങ്ങൾ തുടങ്ങി. കോൺഗ്രസിന്‍റെ തിരിച്ചുവരവിനെ സി.പി.എം ഭയക്കുന്നു. പിണറായിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിച്ചതായിരുന്നു. വീണ്ടും തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

സർക്കാർ സംരക്ഷിക്കുന്ന ഫ്രോഡാണ് മോൺസൺ. മോന്‍സണും ഉദ്യോഗസ്ഥൻമാരും തമ്മിലുള്ള ബന്ധം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. തനിക്കെതിരെ തെളിവൊന്നും കിട്ടില്ല. ഒരുപാടു പേർ പോയ സ്ഥലത്താണ് താനും പോയത്. മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ അവിടെ പോയതിൽ ആർക്കും പ്രശ്നമില്ലെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Monson Mavunkal as a Fraud -K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.