മുൻ പ്രധാനാധ്യാപകൻ ടി.കെ. അബ്ബാസിനൊപ്പം മുണ്ടക്കൈ എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥികൾ. കഴിഞ്ഞ മാർച്ചിൽ എടുത്ത ചിത്രം. ഇതിലെ ചില കുട്ടികളും ദുരന്തത്തിനിരയായി

കുരുന്നുകളേ... നിങ്ങൾ എവിടെയാണ്?

സ്നേഹിക്കാൻ മാത്രമറിയുന്നവരാണ് ഈ നാട്ടുകാരും കുട്ടികളും... ആ ഒരൊറ്റക്കാരണത്താലാണ് അബ്ബാസ് മാഷ് മുണ്ടക്കൈ എൽ.പി സ്കൂളിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ടി.കെ. അബ്ബാസ് കഴിഞ്ഞ ജൂൺ 13 വരെ മൂന്നുവർഷം ഇവിടെ പ്രധാനാധ്യാപകനായിരുന്നു. മലയടിവാരത്തെ ഈ സ്കൂളിലേക്ക് സ്വയം മാറ്റം ചോദിച്ച് വരുന്നവർ വിരളമാണ്.

തിങ്കളാഴ്ച വരെ സാധാരണപോലെ ക്ലാസുകൾ നടന്ന ഈ പള്ളിക്കൂടം ഏതാണ്ട് പൂർണമായി ഉരുൾപൊട്ടലിൽ തകർന്നു. എൽ.കെ.ജി, യു.കെ.ജി, ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലായി 54 കുഞ്ഞുങ്ങളാണ് ഇവിടെ പഠിച്ചിരുന്നത്. ഇതിൽ അഞ്ചു കുട്ടികളെ കാണാതായിട്ടുണ്ട്. അഞ്ചുപേരുടെ മൃതദേഹം കണ്ടെത്താനായി. രണ്ടുപേരുടെ മൃതദേഹം നിലമ്പൂരിൽ നിന്നാണ് കിട്ടിയത്. മിക്ക കുട്ടികളും ദുരന്തബാധിത മേഖലയിലുള്ളവരായിരുന്നു.

തോട്ടംതൊഴിലാളികളുടെ മക്കളാണ് ഭൂരിപക്ഷവും. കണക്കിനെ കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന വിദ്യാർഥികളായ ഇവർ ഏറെ മിടുക്കരായിരുന്നുവെന്ന് അബ്ബാസ് മാസ്റ്റർ പറയുന്നു. ദുരന്തം അറിഞ്ഞയുടൻ ഇദ്ദേഹവും മറ്റ് അധ്യാപകരും ഇവിടെയെത്തി കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിൽ വ്യാപൃതരാണ്.

Tags:    
News Summary - Mundakai LP School student missing in Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.