നിലമ്പൂർ: ‘‘മുറിയുടെ വാതിലിൽ മുട്ടിവിളിച്ചു, അപ്പോഴേക്കും ചുമരടക്കം ഉതിർന്നുവീണു. മലവെള്ളം പാഞ്ഞെത്തി, പിന്നെ അച്ഛനെയും അമ്മയെയുംകുറിച്ച് ഒരു വിവരവുമില്ല’’ -ഉണ്ണിയുടെ വാക്കുകളിലെ നിസ്സഹായതയാണ് ബന്ധു ചിന്നന്റെ കാതുകളിൽ ഇപ്പോഴും. ചൂരൽമലയിലെ വീട്ടിൽ ഉറങ്ങുകയായിരുന്ന കോൽക്കാടൻ രാമനെയും ഭാര്യ ലക്ഷ്മിയെയും അന്ന് കാണാതായതാണ്. ഇവരെക്കുറിച്ച് വിവരമുണ്ടോയെന്നറിയാൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിയതാണ് ചിന്നൻ. ചൂരൽമലയിൽ തിങ്കളാഴ്ച സന്ധ്യ വരെ എല്ലാം പതിവുപോലെയായിരുന്നു. നല്ല മഴയുണ്ടായിരുന്നെങ്കിലും അപായലക്ഷണമൊന്നും കണ്ടിരുന്നില്ല. പൊടുന്നനെയാണ് ഗ്രാമത്തെ ഒന്നടങ്കം നക്കിത്തുടച്ച് മലവെള്ളവും പാറക്കല്ലുകളും മരങ്ങളും കുതിച്ചെത്തിയത്.
രാമനും ഭാര്യ ലക്ഷ്മിയും ഒരു മുറിയിലും ഇളയ മകൻ ഉണ്ണിയും (മനോജ്) കുടുംബവും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ഉരുൾപൊട്ടി വെള്ളം വീട്ടിലേക്ക് കയറുമ്പോൾ ഉണ്ണി, അച്ഛനും അമ്മയും കിടക്കുന്ന മുറിയുടെ വാതിലിൽ മുട്ടി വിളിച്ചു. അച്ഛൻ എഴുന്നേറ്റ് വാതിൽ തുറക്കുമ്പോഴേക്കും ചുമരടക്കം വീണു. പിന്നെ ഒന്നും കാണാൻ കഴിഞ്ഞില്ല. ഭാര്യ നിഖിതയെയും രണ്ടു കുഞ്ഞുങ്ങളെയും രക്ഷിക്കാൻ ഉണ്ണിക്ക് കഴിഞ്ഞെങ്കിലും മൂത്ത കുട്ടി ഒഴുക്കിൽപെട്ടു. ഒരു മരത്തിൽ പിടിച്ചുനിന്നതിനാലാണ് കുട്ടിയെ രക്ഷിക്കാനായത്. പരിസരത്തെല്ലാം തിരഞ്ഞെങ്കിലും മാതാപിതാക്കളെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. മൂന്നു ദിവസമായി ബന്ധുക്കൾ നിലമ്പൂരും മേപ്പാടിയിലുമുള്ള ആശുപത്രികളിൽ അന്വേഷണത്തിലാണ്. 80 വയസ്സുണ്ട് രാമന്, ലക്ഷ്മിക്ക് 75ഉം. ഉരുൾപൊട്ടലിൽ ഇവിടെയുള്ള എല്ലാ വീടുകളും ഒഴുകിപ്പോയതായി ചിന്നൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.