വാഷിങ്ടൺ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വ്യാഴാഴ്ചയാണ് അനുശോചനം അറിയിച്ചുള്ള യു.എസ് പ്രസിഡന്റിന്റെ പ്രസ്താവന പുറത്ത് വന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ താൻ അനുശോചനം അറിയിക്കുകയാണെന്ന് ബൈഡൻ പറഞ്ഞു. ദുരന്തത്തിന് ഇരയായവർക്കൊപ്പം ഞങ്ങളുടെ പ്രാർഥനകളുണ്ടാവുമെന്നും ബൈഡൻ പറഞ്ഞു.
ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. സങ്കീർണമായ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ സൈനികരേയും ആദ്യ രക്ഷാദൗത്യത്തിനിറങ്ങിയവരുടേയും ധീരമായ ഇടപെടലുകളെ അഭിവാദ്യം ചെയ്യുകയാണ്. ദുരന്തം അനുഭവിക്കുന്ന ഇന്ത്യൻ ജനത എപ്പോഴും ചിന്തകളിലുണ്ടാവുമെന്നും ബൈഡൻ പറഞ്ഞു.
വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. എന്നാൽ, 189 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 85 പുരുഷന്മാരും 76 സ്ത്രീകളുമാണ്. 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 100 മൃതദേഹ അവശിഷ്ടങ്ങൾ കണ്ടുകിട്ടി. 225 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്നു ദിവസങ്ങളിലായി നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഉന്നതതല യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനി ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള -കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറൽ വി.ടി. മാത്യു യോഗത്തെ അറിയിച്ചു. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്ന് ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.